കത്ത് വിവാദത്തിൽ മേയർ ആര്യാ രാജേന്ദ്രനും കോർപ്പറേഷൻ സെക്രട്ടറിക്കും തദ്ദേശ സ്ഥാപനങ്ങളുടെ ഓംബുഡ്‌സ്മാന്‌റെ നോട്ടീസ്

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ നിയമന കത്ത് വിവാദത്തിൽ മേയർ ആര്യാ രാജേന്ദ്രനും കോർപ്പറേഷൻ സെക്രട്ടറിക്കും തദ്ദേശ സ്ഥാപനങ്ങളുടെ ഓംബുഡ്‌സ്മാൻ നോട്ടീസ് അയച്ചു. 2022 നവംബർ 20 നകം രേഖാമൂലം മറുപടി നൽകാനാണ് നിർദ്ദേശം. ഡിസംബർ 2 ന് ഓൺലൈൻ സിറ്റിങ്ങിൽ ഹാജരാകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

മേയർ സത്യപ്രതിജ്ഞാലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ് നേതാവ് സുധീർ ഷാ പാലോടാണ് ഓംബുഡ്‌സ്മാന് പരാതി നൽകിയത്. അതേസമയം താൽക്കാലിക നിയമനവുമായി ബന്ധപ്പെട്ടുള്ള കത്തു വിവാദത്തിൽ പൊലീസ് കേസെടുത്തേക്കുമെന്നാണ് സൂചന.

പ്രാഥമിക പരിശോധനയ്ക്ക് ശേഷം ക്രൈംബ്രാഞ്ച് സംഘം നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാവും തീരുമാനം. വ്യാജരേഖ ചമയ്ക്കലിന് കേസെടുക്കണമെന്ന റിപ്പോർട്ട് ക്രൈംബ്രാഞ്ച് സംഘം ഉന്നത ഉദ്യോഗസ്ഥർക്ക് കൈമാറിയിട്ടുണ്ട്. അവധിയിലുള്ള ക്രൈംബ്രാഞ്ച് മേധാവി വെള്ളിയാഴ്ച തിരികെയെത്തിയ ശേഷമാകും റിപ്പോർട്ട് ഡിജിപിക്ക് കൈമാറുക.

കേസിന്റെ അന്വേഷണം സംബന്ധിച്ച്‌ ഹൈക്കോടതിയും വിവരം തേടിയിട്ടുണ്ട്. വിജിലൻസ് അന്വേഷണവും നടക്കുകയാണ്. വിജിലൻസിന്റെ റിപ്പോർട്ടും ഏറെ താമസിയാതെ സമർപ്പിക്കും. അഴിമതി നടന്നുവെന്ന് കണ്ടെത്തിയാലെ വിജിലൻസിന് കേസ് അന്വേഷിക്കാനാവു. കത്ത് താനോ തന്റെ ഓഫീസിലോ തയാറാക്കിയതല്ലെന്നാണ് മേയർ ആര്യാ രാജേന്ദ്രൻ മൊഴി നൽകിയിട്ടുള്ളത്. യഥാർത്ഥ കത്ത് കണ്ടെത്താൻ അന്വേഷണ ഏജൻസികൾക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.

Share
അഭിപ്രായം എഴുതാം