ഭീകരസംഘടനകളുടെ താവളമായി അഫ്ഗാന്‍ മാറുന്നില്ലെന്ന് ലോകം ഉറപ്പാക്കണം-ഇന്ത്യ

ന്യൂഡല്‍ഹി: യു.എന്‍. സുരക്ഷാ കൗണ്‍സില്‍ നിരോധിച്ചിട്ടുള്ള ലഷ്‌കറെ തൊയ്ബ, ജയ്ഷെ മുഹമ്മദ് തുടങ്ങിയ ഭീകരസംഘടനകളുടെ താവളമായി അഫ്ഗാനിസ്ഥാന്റെ പ്രദേശങ്ങള്‍ ഉപയോഗിക്കപ്പെടുന്നില്ല എന്ന് ലോകസമൂഹം കൂട്ടായി ഉറപ്പാക്കണമെന്ന് ഇന്ത്യ. യു.എന്നിലെ സ്ഥിരം ഉപപ്രതിനിധിയായ അംബാസഡര്‍ ആര്‍. രവീന്ദ്രയാണ് അഫ്ഗാന്‍ സംബന്ധിച്ചുള്ള ഇന്ത്യയുടെ ആശങ്ക അറിയിച്ചത്.

ഭീകരര്‍ അഫ്ഗാനില്‍ പരിശീലനവും ഭീകരാക്രമണ ഗൂഢാലോചനയും നടത്തുന്നില്ലെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യു.എന്‍. പൊതുസഭയില്‍ ജര്‍മനി അവതരിപ്പിച്ച പ്രമേയവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു ആര്‍. രവീന്ദ്ര.അഫ്ഗാനിലെ വനിതകള്‍ കടുത്ത മനുഷ്യാവകാശലംഘനം നേരിടുന്നതായും അവിടെ പ്രാതിനിധ്യ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ആരോപിച്ചുള്ള പ്രമേയം പൊതുസഭ അംഗീകരിച്ചു. രാജ്യത്തെ സാമ്പത്തിക, മാനുഷിക, സാമൂഹിക അവസ്ഥകള്‍ ദാരുണമാണെന്നും പ്രമേയത്തില്‍ പറയുന്നു.

അഫ്ഗാനിസ്ഥാന്‍ താവളമാക്കി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനകളെ നിരീക്ഷിക്കുന്നതില്‍ യു.എന്‍. സുരക്ഷാകൗണ്‍സിലിന്റെ നിരീക്ഷണസംഘം ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണു നടത്തുന്നതെന്നു ഇന്ത്യ ചൂണ്ടിക്കാട്ടി. നൂറുകണക്കിനു ലഷ്‌കറെ, ജയ്ഷെ ഭീകരര്‍ അഫ്ഗാനിലുണ്ടെന്നു യു.എന്‍. സംഘം അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഭീകരതയ്ക്കു ധനസഹായം നല്‍കുന്നതു തടയണമെന്നു ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സ് പാകിസ്താനുമേല്‍ സമ്മര്‍ദം ശക്തമാക്കിയതോടെയാണു ഭീകരര്‍ അഫ്ഗാനിലേക്കു നീങ്ങിയതെന്നു മറ്റാരു റിപ്പോര്‍ട്ടില്‍ പറയുന്നു. ചരിത്രപരമായ സൗഹൃദത്തിന്റെയും അഫ്ഗാന്‍ ജനതയോടുള്ള പ്രത്യേക ബന്ധത്തിന്റെയും അടിസ്ഥാനത്തിലാണ് അയല്‍രാജ്യമായ അഫ്ഗാനോടുള്ള ഇന്ത്യയുടെ സമീപനമെന്നും ആര്‍. രവീന്ദ്ര പറഞ്ഞു.

അഫ്ഗാനില്‍ സമാധാനവും സ്ഥിരതയും തിരിച്ചുവരണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. മയക്കുമരുന്ന് കടത്തെന്ന വിപത്തും ഭീകരതയുമായി ബന്ധപ്പെട്ടിരിക്കുന്നു. മയക്കുമരുന്ന് കടത്ത് ശൃംഖല തകര്‍ക്കാന്‍ രാജ്യാന്തര സഹകരണം ആവശ്യമാണ്.- രവീന്ദ്ര പറഞ്ഞു. ഇന്ത്യ അഫ്ഗാന് 40,000 ടണ്‍ ഗോതമ്പ്, 50 ടണ്‍ െവെദ്യസഹായം, 5 ലക്ഷം ഡോസ് കോവിഡ് 19 വാക്സിന്‍, 28 ടണ്‍ ദുരിതാശ്വാസ സഹായം എന്നിവ നല്‍കിയിരുന്നെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ വര്‍ഷം താലബാന്‍ ഭരണംപിടിച്ചതിനെത്തുടര്‍ന്ന് അടച്ച കാബൂളിലെ എംബസി ഇന്ത്യ വീണ്ടും തുറന്നിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം