ബിൽ കുടിശ്ശികയെതുടർന്ന് ഡി.ഡി.ഇ., ഡി.ഇ.ഒ. ഓഫീസുകളുടെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചു

കോഴിക്കോട് : വൈദ്യുതി ബിൽ ഇനത്തിൽ വൻകുടിശ്ശികയുണ്ടായതിനെത്തുടർന്ന് കോഴിക്കോട്ടെ രണ്ട് പ്രധാന ഓഫീസുകളുടെ കണക്‌ഷൻ കെ.എസ്.ഇ.ബി. അധികൃതർ വിച്ഛേദിച്ചു. ഡി.ഡി.ഇ. ഓഫീസിന്റെയും ഡി.ഇ.ഒ. ഓഫീസിന്റെയും ഫ്യൂസാണ് 07/11/2022 തിങ്കളാഴ്ച ഊരിയത്. ഒരാഴ്ച മുമ്പ് ഫ്യൂസ് ഊരുകയും കുടിശ്ശിക തീർക്കാമെന്ന ഉറപ്പിന്മേൽ വൈദ്യുതിബന്ധം പുനഃസ്ഥാപിക്കുകയും ചെയ്തിരുന്നു.

നവംബർ 7 തിങ്കളാഴ്ച കുടിശ്ശിക തീർക്കുമെന്നായിരുന്നു അന്ന് നൽകിയിരുന്ന ഉറപ്പ്. പക്ഷേ, തിങ്കളാഴ്ചയാണ് സർക്കാരിൽ നിന്ന് അലോട്‌മെന്റ് ലഭിച്ചത്. അതിനാൽ ചാർജ് അടയ്ക്കാനായില്ല. 11 മാസമായുള്ള കുടിശ്ശികയാണ് ഡി.ഡി.ഇ. ഓഫീസ് അടയ്ക്കാനുള്ളത്. 1,56,956 രൂപയാണ് ചാർജിനത്തിൽ കുടിശ്ശിക. പലിശയും പിഴയും ചേർന്ന് അത് 1,94,699 രൂപയായി. 5498 രൂപയാണ് ഡി.ഇ.ഒ. ഓഫീസിന്റെ കുടിശ്ശികയെന്ന് ഡി.ഇ.ഒ. കെ.പി. ധനേഷ് പറഞ്ഞു.

ഡി.ഡി.ഇ. ഓഫീസിൽ ജനറേറ്റർ ഉള്ളതിനാൽ പ്രശ്നം ബാധിച്ചില്ല. ഡി.ഇ.ഒ. ഓഫീസിൽ ഫാനും ലൈറ്റും പ്രവർത്തിപ്പിക്കാനാകാതെ ജീവനക്കാർ വീർപ്പുമുട്ടി. അവിടെ ഇൻവെർട്ടർ കംപ്യൂട്ടർ നെറ്റ്‍വർക്കിന് മാത്രമേയുള്ളൂ. കൂടുതൽ ദിവസം വൈദ്യുതി മുടങ്ങിയാൽ ഓൺലൈൻ ജോലികളും പരീക്ഷകളും മറ്റും തടസ്സപ്പെടും.

മൂന്നുദിവസത്തിനകം കുടിശ്ശിക തീർത്തുകൊള്ളാമെന്ന ഉറപ്പിന്മേൽ വൈകുന്നേരത്തോടെ രണ്ട് ഓഫീസുകളിലെയും വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു. സർക്കാർ ഓഫീസുകൾ ഉൾപ്പെടെ കുടിശ്ശിക വരുത്തുന്ന സ്ഥാപനങ്ങളുടെയെല്ലാം ഫ്യൂസ് ഊരണമെന്ന് കെ.എസ്.ഇ.ബി. കർശന നിർദേശം നൽകിയിട്ടുണ്ടെന്ന് സീനിയർ സൂപ്രണ്ട് പറഞ്ഞു

Share
അഭിപ്രായം എഴുതാം