പന്നി ഫാം അടച്ചുപൂട്ടണമെന്ന പഞ്ചായത്ത് നിർദ്ദേശം തളളി ഫാമുടമകൾ

മലയിൻകീഴ്: മലയിൻകീഴ് പഞ്ചായത്തിൽ അനധിക‍ൃതമായി പ്രവർത്തിക്കുന്ന പന്നി വളർത്തൽ കേന്ദ്രങ്ങൾക്കെതിരെ നടപടി സ്വീകരിച്ച് വിളപ്പിൽ പഞ്ചായത്ത് അധികൃതർ. ചെറുകോട്, കാരോട് വാർഡുകളിലായി 11 അനധികൃത പന്നി ഫാമുകളാണ് പ്രവർത്തിക്കുന്നത്. ഇവ അടച്ച് പൂട്ടണമെന്നാവശ്യപ്പട്ട് ഉടമകൾക്ക് പഞ്ചായത്ത് നോട്ടീസ് നൽകിയെങ്കിലും നടപടിയുണ്ടായില്ല. ഇതിനെ തുടർന്ന് പന്നികളെ ഫാമിൽ നിന്ന് മാറ്റണമെന്നാവശ്യപ്പട്ട് പഞ്ചായത്ത് 2022ഒക്ടോബർ 11 ന് അന്തിമ നിർദ്ദേശം നൽകി.

എന്നാൽ, പഞ്ചായത്തിൻറെ നിർദ്ദേശം പന്നി ഫാം ഉടമകൾ തള്ളിക്കളഞ്ഞു. ഇതോടെ പഞ്ചായത്ത് പ്രസിഡന്റ് ലില്ലി മോഹൻ, വൈസ് പ്രസിഡന്റ് ഡി ഷാജി എന്നിവരുടെ നേത‍ൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ആരോഗ്യ വകുപ്പ് പ്രവർത്തകരും ചേർന്ന് ചെറുകോട് എത്തി ഫാമുകൾ അടച്ച് പൂട്ടാനും പിന്നികളെ സർക്കാർ ഉടമസ്ഥതയിലുള്ള അംഗീകൃത പന്നി ഫാമുകളിലേക്ക് മാറ്റാനും ശ്രമം നടത്തി.എന്നാൽ എതിർപ്പുമായി ഫാം ഉടമകളുമെത്തിയതിന് പിന്നാലെ നാട്ടുകാർ പഞ്ചായത്ത് അധികൃതർക്ക് പിന്തുണയുമായെത്തി.

ചർച്ചകൾക്കൊടുവിൽ രാത്രിയോടെ പന്നികളെ മാറ്റാമെന്ന് ഉടമകൾ അറിയിച്ചതോടെ പഞ്ചായത്ത് അധിക‍ൃതർ, പന്നികളെ മാറ്റാൻ ഒരു രാത്രി കൂടി സമയം നൽകി. 11/10/2022 രാത്രി വൈകിയും അനധികൃത ഫാമുകളിൽ നിന്ന് പന്നികളെ മാറ്റി. എന്നാൽ, ഇനിയും ഫാമുകൾ അടച്ച് പൂട്ടാനുണ്ടെന്നും അവയ്ക്കെതിരെ നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് അധിക‍ൃതർ അറിയിച്ചു

Share
അഭിപ്രായം എഴുതാം