വിദേശനാണ്യ ശേഖരത്തിന്റെ കാര്യത്തില്‍ നട്ടം തിരിഞ്ഞ് ഭൂട്ടാനും

കാഠ്മണ്ഡു: ശ്രീലങ്കയ്ക്ക് പിന്നാലെ, വിദേശനാണ്യ ശേഖരത്തിന്റെ കാര്യത്തില്‍ നട്ടം തിരിഞ്ഞ് ഭൂട്ടാനും. സീറോ കോവിഡ് പോളിസിയും യുക്രൈന്‍ യുദ്ധമേല്‍പ്പിച്ച പ്രഹരവുമാണ് ഭൂട്ടാന്റെ തളര്‍ച്ചയ്ക്ക് പിന്നില്‍. എണ്ണ, ധാന്യ വിലക്കയറ്റത്തില്‍ പൊറുതിമുട്ടി ജനം.ഹെവി എര്‍ത്ത് മൂവിങ് മെഷീനും യൂട്ടിലിറ്റി വാഹനങ്ങളും ഒഴികെ മറ്റെല്ലാ വാഹനങ്ങളുടെയും ഇറക്കുമതി ഭൂട്ടാന്‍ നിര്‍ത്തിവച്ചു.

കോവിഡില്‍ നിന്ന് അകന്നുനില്‍ക്കാന്‍ വിദേശികളെ രാജ്യത്തേക്കു കയറ്റാതെ തടഞ്ഞാണ് ഭൂട്ടാന്‍ സീറോ കോവിഡ് പോളിസി നടപ്പാക്കിയത്. പ്രധാന വരുമാനമാര്‍ഗമായിരുന്ന വിനോദ സഞ്ചാരം ഇതോടെ ഇല്ലാതായി. രാജ്യം വലിയ പ്രതിസന്ധിയിലാണ്ടു. വിദേശനാണ്യശേഖരം 2021 ഡിസംബറില്‍ 97 കോടി ഡോളറിലൊതുങ്ങി. അതേവര്‍ഷം ഏപ്രിലില്‍ ഇത് 14.6 ശതകോടി ഡോളറായിരുന്നു. വിദേശനാണ്യത്തിലെ ഇടിവ് പിടിച്ചുനിര്‍ത്താന്‍ മൊറട്ടോറിയം ഉള്‍പ്പെടെ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വര്‍ഷം ജൂണ്‍ വരെ ഭൂട്ടാന്‍ 8,000 വാഹനങ്ങള്‍ പുറത്തുനിന്ന് ഇറക്കുമതി ചെയ്തെന്നാണ് അവിടുത്തെ മാധ്യമ വാര്‍ത്തകള്‍. ഈ പശ്ചാത്തലത്തിലാണ് അവശ്യ ഉപയോഗത്തിന് ഒഴികെയുള്ളവയുടെ ഇറക്കുമതി തടഞ്ഞത്.20,000 ഡോളറില്‍ താഴെ വിലയുള്ള ചരക്കു വാഹനങ്ങളുടെ ഇറക്കുമതിക്കു നിയന്ത്രണമില്ല. ടൂറിസം മേഖലയിലെ ആവശ്യത്തിനായുള്ള വാഹന ഇറക്കുമതികളെയും നിയന്ത്രണത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം