ഏറ്റവും കൂടുതല്‍ കാലം കേരളാ നിയമസഭാംഗം: റെക്കോഡ് നേട്ടത്തില്‍ ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: കേരള നിയമസഭയില്‍ ഏറ്റവും കൂടുതല്‍ കാലം അംഗമായിരുന്നതിന്റെ റെക്കോഡ് സ്വന്തമാക്കി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കെ.എം. മാണിയുടെ റെക്കോഡാണ് അദ്ദേഹം ഭേദിച്ചത്. സാമാജികനായി ഉമ്മന്‍ ചാണ്ടി 51 വര്‍ഷം പിന്നിട്ടു. കേരള നിയമസഭ രൂപീകരിച്ച തീയതി അടിസ്ഥാനമാക്കിയുള്ള കണക്ക് പ്രകാരം കഴിഞ്ഞ രണ്ടിന് ഉമ്മന്‍ ചാണ്ടി നിയമസഭാംഗം എന്ന നിലയില്‍ 18,728 ദിവസം പൂര്‍ത്തീകരിച്ചു. സത്യപ്രതിജ്ഞ നടന്ന തീയതി അടിസ്ഥാനമാക്കിയാല്‍ ഈ മാസം 11-ന് ആയിരിക്കും റെക്കോഡ് നേട്ടം കൈവരിക്കുക.ഇന്നലെ രാവിലെ ഉമ്മന്‍ ചാണ്ടിയുടെ ജഗതിയിലെ വസതിയിലെത്തി നിയമസഭാ സെക്രട്ടറി എ. എം. ബഷീര്‍ അദ്ദേഹത്തെ ആദരിച്ചു. സ്പീക്കറുടെ പേഴ്സണല്‍ സെക്രട്ടറി ടി. മനോഹരന്‍ നായരും ഒപ്പമുണ്ടായിരുന്നു. റെക്കോ ഡ് നേട്ടത്തില്‍ അതീവ സന്തോഷവാനാണെന്നും അര്‍ഹിക്കുന്നതില്‍ കൂടുതല്‍ അംഗീകാരം ലഭിച്ചതായും ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു. 1970-ലാണ് ഉമ്മന്‍ചാണ്ടി ആദ്യമായി കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. അന്നുവരെ ഇടതുപക്ഷത്തിനൊപ്പം നിന്നിരുന്ന പുതുപ്പള്ളി നിയോജകമണ്ഡലം പിന്നീട് 2021 വരെ തുടര്‍ച്ചയായി 12 തവണ ഉമ്മന്‍ ചാണ്ടിയെ വിജയിപ്പിച്ചു. രണ്ടു തവണ അദ്ദേഹം സംസ്ഥാന മുഖ്യമന്ത്രിയായി.

ഒരു തവണ പ്രതിപക്ഷ നേതാവ്, നാലു തവണ മന്ത്രി. 1970 സെപ്റ്റംബര്‍ 17-ന് ആയിരുന്നു നാലാം കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ്. 1970 ഒക്ടോബര്‍ നാലിനു നിലവില്‍വന്ന നാലാം നിയമസഭയില്‍ അംഗമായ ഉമ്മന്‍ ചാണ്ടി 2021 മേയ് മൂന്നിന് രൂപീകൃതമായ നിലവിലുള്ള 15-ാം കേരള നിയമസഭയിലും അംഗമാണ്.1965 മുതല്‍ 2016 വരെ തുടര്‍ച്ചയായി 13 തവണ പാലാ നിയോജകമണ്ഡലത്തില്‍ നിന്ന് വിജയിച്ച കെ.എം മാണി 12 നിയമസഭകളില്‍ അംഗമായിരുന്നു. അദ്ദേഹം ആദ്യം വിജയിച്ചത് 1965-ല്‍ ആണെങ്കിലും ആദ്യമായി നിയമസഭാംഗമായത് 1967-ല്‍ ആണ്. 1965 മാര്‍ച്ച് 17ന് നിയമസഭ രൂപീകരിച്ചുവെങ്കിലും മന്ത്രിസഭാ രൂപീകരണത്തിന് വേണ്ട ഭൂരിപക്ഷം ആര്‍ക്കും ലഭിക്കാത്തതിനാല്‍ അംഗങ്ങളുടെ സത്യപ്രതിജ്ഞ നടത്താതെ 24-ന് നിയമസഭ പിരിച്ചുവിട്ടു.ഏറ്റവും കൂടുതല്‍ കാലം മന്ത്രിയായിരുന്നതിന്റ റെക്കോഡ് (8759 ദിവസം) ഇപ്പോഴും കെ.എം മാണിയുടെ പേരിലാണ്. എം.എല്‍.എ ആയിരിക്കെ 2019 ഏപ്രില്‍ ഒന്‍പതിനാണു മാണി അന്തരിച്ചത്.

Share
അഭിപ്രായം എഴുതാം