കൊല്ലം ജില്ലയിലെ റേഷൻ വിതരണം: തർക്കം പരിഹരിച്ചു

കൊല്ലം ജില്ലയിൽ കൊല്ലം, പത്തനാപുരം താലൂക്കുകളിൽ കഴിഞ്ഞ രണ്ടു ദിവസമായി റേഷൻ വിതരണത്തിൽ നേരിട്ടിരുന്ന തടസം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ ഇടപെട്ട് പരിഹരിച്ചു. കിളികോല്ലൂർ എൻ.എഫ്.എസ്.എ  ഗോഡൗണിൽ നിന്നും വാതിൽപ്പടി വിതരണം നടത്തിയിരുന്ന കോൺട്രാക്ടർ പുറത്തുള്ള മറ്റു ലോറികളെ റേഷൻ വിതരണത്തിൽ നിന്നും വിലക്കിയതിനെ തുടർന്നുള്ള തർക്കം കാരണം റേഷൻ വിതരണം ഭാഗികമായി തടസപ്പെടുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കോൺട്രാക്ടറും പുറത്തുള്ള ലോറി ഉടമകളുമായി സംസാരിച്ച് പ്രശ്‌നം പരിഹരിക്കാൻ ജില്ലാ സപ്ലൈ ഓഫീസർ, ജില്ലാ ലേബർ ഓഫീസർ, സപ്ലൈകോ റീജിയണൽ മാനേജർ എന്നിവർക്ക് മന്ത്രി നിർദേശം നൽകി. പുറത്തുനിന്നുള്ള 11 ലോറികൾ തിങ്കളാഴ്ച മുതൽ റേഷൻ വിതരണത്തിന് അനുവദിക്കാമെന്ന് കോൺട്രാക്ടർ സമ്മതിച്ചു.  ആവണിശ്വരം എഫ്.സി.ഐ ഗോഡൗണിൽ അട്ടിക്കൂലി പ്രശ്‌നത്തിൽ തൊഴിലാളികൾ ലോഡ് കയറ്റാൻ വിസമ്മതിച്ചതോടെ പുനലൂർ, പത്തനാപുരം മേഖലയിലെ റേഷൻ വിതരണം ഭാഗികമായി തടസപ്പെട്ടിരുന്നു. തിങ്കളാഴ്ച മുതൽ കരുനാഗപ്പള്ളി, മാവേലിക്കര ഡിപ്പോകളിൽ നിന്നും റേഷൻ സാധനങ്ങൾ വിട്ടെടുക്കുന്നതിന് കൊല്ലം ജില്ലാ സപ്ലൈ ഓഫീസർ എഫ്.സി.ഐ റീജിയണൽ മാനേജരുമായി ബന്ധപ്പെട്ട് ക്രമീകരണങ്ങൾ വരുത്തിയിട്ടുണ്ട്.  തിങ്കളാഴ്ച മുതൽ റേഷൻ വിതരണം സാധാരണ നിലയിലാകുമെന്ന് മന്ത്രി അറിയിച്ചു.

Share
അഭിപ്രായം എഴുതാം