എറണാകുളം: കടമ്പ്രയാര്‍ മാലിന്യ പ്രശ്‌നം: വിവിധ വകുപ്പുകളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ റവന്യൂ വകുപ്പ് ശേഖരിക്കണം

എറണാകുളം: കടമ്പ്രയാര്‍ സംരക്ഷണവുമായി ബന്ധപ്പെട്ട് നിയമസഭ പരിസ്ഥിതി സമിതി അധ്യക്ഷന്‍ ഇ.കെ വിജയന്റെ അധ്യക്ഷതയില്‍ തെളിവെടുപ്പ് നടത്തി. കളക്ടറേറ്റിലെ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന തെളിവെടുപ്പില്‍ വിവിധ വകുപ്പുകളോട് ആവശ്യപ്പെട്ടിരിക്കുന്ന വിവരങ്ങള്‍ റവന്യൂ വകുപ്പ് ക്രോഡീകരിക്കണമെന്ന് സമിതി നിര്‍ദേശിച്ചു. മലിനീകരണ നിയന്ത്രണ ബോര്‍ഡ്, റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പ്, ജലസേചന വകുപ്പ്, നഗരകാര്യ വകുപ്പ്, ടൂറിസം വകുപ്പ് എന്നിവരോടാണ് കടമ്പ്രയാര്‍ വികസനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സമിതി തേടിയിട്ടുള്ളത്. 

കടമ്പ്രയാറ്റില്‍ ഉണ്ടാകുന്ന മാലിന്യ നിക്ഷേപം, ഒഴുകുന്ന വെള്ളത്തിന്റെ അളവ്, ഗുണമേന്മ എന്നിവ പരിശോധിച്ച ശേഷം മലിനീകരണം കുറയ്ക്കുന്നതിനവശ്യമായ നടപടി സ്വീകരിക്കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന് നിര്‍ദേശം നല്‍കി. കടമ്പ്രയാറ്റിലെ വെള്ളത്തില്‍ കോളിഫോം ബാക്റ്റീരിയകളുടെ സാന്നിധ്യം അളവില്‍ കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ആറ്റില്‍ ബി.ഒ.ഡി (ബയോകെമിക്കല്‍ ഓക്‌സിജന്‍ ഡിമാന്‍ഡ്)യും അനുവദനീയമായ അളവിലും കൂടുതലാണ്.

ചൂരക്കോട് ഭാഗത്തു കടമ്പ്രയാറ്റില്‍ ഉണ്ടാകുന്ന മലിനീകരണം പരിശോധിക്കാന്‍ പരിസ്ഥിതി സമിതി മലിനീകരണ നിയന്ത്രണ ബോര്‍ഡിന് നിര്‍ദേശം നല്‍കി. പെരിയാര്‍ വാലി ജലസേചന പദ്ധതിക്ക് കുറുകെ കിറ്റെക്‌സ് കമ്പനിയുടെ മലിനീകരണ പൈപ്പ് കടന്നു പോകുന്നുവെന്നും മലിനജലം ശുദ്ധ ജലവുമായി കലരുന്നുവെന്നുമുള്ള പരാതി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണം. പ്ലാന്റിന്റെ ആരംഭ ഭാഗത്തുനിന്നും അവസാന ഭാഗത്തു നിന്നും സാമ്പിളുകള്‍ ശേഖരിക്കണം. സാക്ഷികളുടെ സാന്നിധ്യത്തില്‍ ആയിരിക്കണം സാമ്പിളുകള്‍ ശേഖരിക്കേണ്ടത്.

കിഴക്കമ്പലം ഗ്രാമ പഞ്ചായത്ത് പരിധിയില്‍ കടമ്പ്രയാര്‍, ബോട്ട് ജെട്ടി എന്നിവ കൈയ്യേറി നടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെയും മലിന ജലം കടമ്പ്രയാറ്റിലേക്ക് ഒഴുക്കുന്നതിന്റെയും വിവരങ്ങള്‍ ശേഖരിക്കാന്‍ പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.

തൃക്കാക്കര മുന്‍സിപ്പാലിറ്റി പരിധിയില്‍ ഗ്രീന്‍ സോണില്‍ വരുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളുടെയും മലിന ജലം കടമ്പ്രയാറ്റിലേക്ക് ഒഴുക്കുന്ന സ്ഥാപനങ്ങള്‍, വീടുകള്‍, ഫ്‌ളാറ്റുകള്‍ എന്നിവയുടെയും വിവരങ്ങള്‍ ശേഖരിക്കുകയും നിയമ നടപടി സ്വീകരിക്കുകയും ചെയ്യും. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി വിവിധ വകുപ്പുകള്‍  സംയുക്ത പരിശോധന നടത്തും.

കടമ്പ്രയാറ്റില്‍ നിന്നും വ്യവസായിക ആവശ്യങ്ങള്‍ക്ക് വെള്ളം സ്വീകരിക്കുന്ന സ്ഥാപനങ്ങളുടെയും ജലസേചന വകുപ്പിന്റെയും ജല വിതരണ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ കടമ്പ്രയാറിന്റെ സമീപ ഭാഗത്തുള്ള സ്ഥലങ്ങളിലെ ജല ക്ഷാമം പരിഹരിക്കാനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കും. മാര്‍ച്ച് 15 ന് മുന്‍പായി പരിസ്ഥിതി സമിതിക്കും സ്ഥലം എം.എല്‍.എ മാര്‍ക്കും ജില്ലാ കളക്ടര്‍ക്കും പദ്ധതി രൂപരേഖ ജലസേചന വകുപ്പ് സമര്‍പ്പിക്കും. കമ്പനികളുടെ സി.എസ്.ആര്‍ ഫണ്ട് വിനിയോഗിക്കാനുള്ള സാധ്യതകള്‍ കമ്പനികളോട് ആരായും.

ഡിജിറ്റല്‍ സര്‍വ്വേ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പുഴകളുടെ ഡിജിറ്റല്‍ സര്‍വ്വേ നടത്താനും കൈയേറ്റങ്ങള്‍ കണ്ടെത്തി നിയമ നടപടി സ്വീകരിക്കാനും നിര്‍ദേശം നല്‍കി. തൃക്കാക്കര നഗരസഭയുടെ നേതൃത്വത്തില്‍ ഇടച്ചിറ തോട്ടില്‍ സംരക്ഷണഭിത്തി നിര്‍മ്മിക്കുന്നതിന് മുന്നോടിയായി കൈയേറ്റങ്ങള്‍ പരിശോധിക്കാനും നിര്‍ദേശിച്ചു. ഓപ്പറേഷന്‍ വാഹിനിയില്‍ ഉള്‍പ്പെടുത്തി കടമ്പ്രയാറും ചിത്രപ്പുഴയും മാലിന്യ മുക്തമാക്കാനുള്ള ശ്രമം നടത്തും. കൊണോത്ത് പുഴയുടെ പുന:രുജ്ജീവനത്തിനായി 24 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കൊണോത്ത് പുഴയില്‍ 24 ഇടങ്ങളിലാണ് രൂക്ഷമായ കൈയേറ്റം കണ്ടെത്തിയിട്ടുള്ളത്.

വിഡ് സാഹചര്യത്തില്‍ നിര്‍ത്തിവച്ച മനക്കക്കടവ് -ഇന്‍ഫോപാര്‍ക്ക് ബോട്ട് സര്‍വീസ് ഏപ്രില്‍ മാസത്തോടെ പുന:രംഭിക്കും. ഇതുമായി ബന്ധപ്പെട്ട കരാറില്‍ ഡി.ടി.പി.സി ഒപ്പ് വച്ചിട്ടുണ്ട്. കടമ്പ്രയാറില്‍ ബ്രഹ്മപുരം, നെയ്ക്കക്കടവ്, പുതുശ്ശേരിക്കടവ് എന്നീ സ്ഥലങ്ങളിലാണ് ജലസേചന വകുപ്പിന്റെ ബോട്ട് ജെട്ടികളുള്ളത്. ബോട്ട് സര്‍വീസ് ആരംഭിച്ചാല്‍ പായലിന്റെ വളര്‍ച്ച നിയന്ത്രിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബ്രഹ്മപുരത്തു സ്ഥിതി ചെയ്യുന്ന കോര്‍പറേഷന്റെ മാലിന്യ സംസ്‌കാരണ പ്ലാന്റില്‍ ജൈവ ഖനനം പുരോഗമിക്കുകയാണ്. 15% മാലിന്യം ഖനനം ചെയ്തു കഴിഞ്ഞു. 18 മാസം കൊണ്ട് ജൈവ ഖനനം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജൈവ ഖനനത്തിന്റെ ഫലമായി കിട്ടുന്ന ആര്‍.ഡി.എഫ് ബൈല്‍ ചെയ്തു സൂക്ഷിക്കുന്നുണ്ട്. വേസ്റ്റ് ടു എനര്‍ജി പദ്ധതിയുടെ അസംസ്‌കൃത വസ്തുവായി ഇതുപയോഗിക്കും. ബാക്കി വരുന്ന ചെളി ബ്രഹ്മപുരത്തു ഭൂമി നിരപ്പാക്കുന്നതിനായി ഉപയോഗിക്കും.

മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പരിശോധന റിപ്പോര്‍ട്ടുകള്‍ പ്രകാരം ചെറിയ തോതില്‍ മലിനികരിക്കപ്പെട്ട നദികളുടെ പട്ടികയിലാണ് കടമ്പ്രയാറിനെ ഉള്‍പെടുത്തിയിരിക്കുന്നത്. കടമ്പ്രയാര്‍ നിരീക്ഷണത്തിനായി പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ട്. 200ഓളം ജല മലിനീകരണ സാധ്യത സ്ഥാപനങ്ങള്‍ കടമ്പ്രയാര്‍ കച്ച്‌മെന്റ് ഏരിയയില്‍ ഉള്ളതായാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നിഗമനം. 

നിയമസഭ പരിസ്ഥിതി സമിതി അംഗങ്ങളായ പി.കെ ബഷീര്‍, അഡ്വ.എല്‍ദോസ് കുന്നപ്പിള്ളില്‍, ജോബ് മൈക്കിള്‍, കെ.ഡി പ്രസേനന്‍, സജീവ് ജോസഫ്, കുന്നത്തുനാട് എംഎല്‍എ പി. വി ശ്രീനിജന്‍, ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്, എ.ഡി.എം എസ്.ഷാജഹാന്‍, ജനപ്രതിനിധികള്‍, ദ്യോഗസ്ഥര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
അഭിപ്രായം എഴുതാം