സജി ചെറിയാന്റെ രാജി കേരള ഗവർണർ അംഗീകരിച്ചതായി രാജ് ഭവൻ ഔദ്യോഗികമായി അറിയിച്ചു

തിരുവനന്തപുരം: ഫിഷറീസ് – സാംസ്കാരിക മന്ത്രിയായിരുന്ന സജി ചെറിയാന്റെ രാജിയിൽ ഔദ്യോഗിക നടപടികൾ പൂർത്തിയായി. സജി ചെറിയാന്റെ രാജി അംഗീകരിക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ശുപാർശ കേരള ഗവർണർ അംഗീകരിച്ചതായി രാജ് ഭവൻ ഔദ്യോഗികമായി അറിയിച്ചു. ഗവർണർ രാജി സ്വീകരിച്ചതോടെ ഔദ്യോഗികമായി സജി ചെറിയൻ മന്ത്രിസഭയ്കക്ക് പുറത്തായി. ഇനി ചെങ്ങന്നൂർ എംഎൽഎ എന്ന നിലയിൽ അദ്ദേഹം തുടരും.

നിയമസഭയിലെ സജി ചെറിയാന്റെ ഇരിപ്പിടത്തിലും ഇതിന് അനുസരിച്ചുള്ള മാറ്റമുണ്ടാവും. വിവാദ പ്രസ്താവനയിൽ മന്ത്രി രാജിവച്ചതോടെ ഈ വിഷയത്തിൽ ഗവർണറും സർക്കാരും തമ്മിൽ ഇടയാനുള്ള സാഹചര്യവും ഇല്ലാതായി. വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് നേരത്തെ കോൺഗ്രസും ബിജെപിയും ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നിവേദനം നൽകിയിരുന്നു. എന്നാൽ വിവാദ പ്രസ്താവനയിൽ മുഖ്യമന്ത്രിയോട് വിശദീകരണം തേടുകയാണ് ഗവർണർ ചെയ്തത്. സർക്കാർ സജി ചെറിയാനെ സംരക്ഷിക്കുന്ന പക്ഷം കടുത്ത നിലപാടിലേക്ക് ഗവർണർ നീങ്ങുമെന്നും സൂചനയുണ്ടായിരുന്നു

Share
അഭിപ്രായം എഴുതാം