കൊല്‍ക്കത്ത: എ.എഫ്.സി. ഏഷ്യന്‍ കപ്പ് ഫുട്ബോള്‍ യോഗ്യതാ റൗണ്ട് മത്സരത്തിനു ശേഷം ഇന്ത്യയുടെയും അഫ്ഗാനിസ്ഥാന്റെയും താരങ്ങള്‍ തമ്മിലടിച്ചു. ഇന്ത്യ മത്സരത്തില്‍ 2-1 നു ജയിച്ചിരുന്നു. പിന്നാലെയാണ് ഇന്ത്യന്‍, അഫ്ഗാന്‍ താരങ്ങള്‍ ഏറ്റുമുട്ടിയത്. പ്രശ്ന കാരണം വ്യക്തമല്ല. അഫ്ഗാന്‍ താരങ്ങള്‍ തോറ്റ നിരാശയില്‍ അസ്വസ്ഥരായിരുന്നു. മൂന്ന് അഫ്ഗാന്‍ താരങ്ങളും രണ്ട് ഇന്ത്യന്‍ താരങ്ങളും തമ്മില്‍ തുടങ്ങിവച്ച തര്‍ക്കം വലുതായി. ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധു സഹതാരങ്ങളെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വഷളായി. അപ്പോഴേക്കും മിക്ക താരങ്ങളും വട്ടംകൂടി. അഫ്ഗാന്‍ ടീമിന്റെ സപ്പോര്‍ട്ടിങ് സ്റ്റാഫ് സന്ധുവിന്റെ കരണത്തടിക്കുന്നതിന്റെ വീഡിയോ വൈറലായി. കൂടുതല്‍ അധികൃതരെത്തിയ ശേഷമാണു രംഗം ശാന്തമായത്. താരങ്ങള്‍ പോരടിക്കുന്നതിന്റെ വീഡിയോ ക്ഷണം നേരം കൊണ്ടു വൈറലായി. മലയാളി താരം സഹല്‍ അബ്ദുള്‍ സമദ് ഇഞ്ചുറി ടൈമില്‍ നേടിയ ഗോളിലാണ് ഇന്ത്യ ജയിച്ചത്. നാളെ നടക്കുന്ന മൂന്നാം റൗണ്ട് മത്സരത്തില്‍ ഇന്ത്യ ഹോങ്ക്കോങിനെ നേരിടും.
ഇന്ത്യ, അഫ്ഗാന്‍ താരങ്ങള്‍ തമ്മിലടിച്ചു
