അക്ഷരലോകത്തേക്ക് പിച്ചവച്ച് 7260 കുരുന്നുകൾ – മധുരംവിളമ്പി അങ്കണവാടികളികളിൽ പ്രവേശനോത്സവം

കോട്ടയം: മധുരവും വർണപെൻസിലുകളും കളിപ്പാട്ടങ്ങളും നൽകി കുരുന്നുകളെ അക്ഷരലോകത്തേക്ക് വരവേറ്റ് ജില്ലയിലെ അങ്കണവാടികളിൽ പ്രവേശനോത്സവം. ജില്ലയിൽ മൂന്നിനും ആറിനുമിടയിൽ പ്രായമുള്ള 7260 കുരുന്നുകളാണ് ഇന്നലെ പുതുതായി അങ്കണവാടികളിൽ ചേർന്നത്. പ്രവേശനോത്സവത്തിൽ കുട്ടികൾ മാതാപിതാക്കളോടൊപ്പമാണ് പങ്കെടുത്തത്. പാമ്പാടി ബ്ലോക്കിലാണ് ഏറ്റവും കൂടുതൽ കുട്ടികൾ പ്രവേശനം നേടിയത്, 736 പേർ. പ്രീ സ്‌കൂൾ കുട്ടികളെ ആകർഷിക്കാനും  അങ്കണവാടികളുടെ പ്രാധാന്യവും സേവനങ്ങളും ജനങ്ങളിലെത്തിക്കാനുമായി ജില്ലയിലെ 2050 അങ്കണവാടികളിലും പ്രവേശനോത്സവം നടത്തി. ജില്ലാതല ഉദ്ഘാടനം കോട്ടയം പുതിയതൃക്കോവിൽ അങ്കണവാടിയിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. നിർവഹിച്ചു. നഗരസഭ വൈസ് ചെയർമാൻ ബി. ഗോപകുമാർ അധ്യക്ഷത വഹിച്ചു. ഐ.സി.ഡി.എസ്. പ്രോഗ്രാം ഓഫീസർ പി.ആർ. കവിത, പള്ളം അഡീഷണൽ സി.ഡി.പി.ഒ. ജംലാ റാണി, ശിശു വികസന പദ്ധതി ഓഫീസർ ജെ. ശ്രീദേവി, സൂപ്പർവൈസർ മാരായ സി.ജെ. ബീന, വി.പി. റഷീദ എന്നിവർ പങ്കെടുത്തു. കുഞ്ഞുങ്ങളുടെ പോഷകനിലവാരം ഉയർത്തുന്നതിനുള്ള നിലവിലെ പദ്ധതികൾക്കു പുറമേ പുതിയ മൂന്നു പദ്ധതികൾ കൂടി  അങ്കണവാടി കുട്ടികൾക്കായി നടപ്പാക്കുന്നു. തേൻ കണം പദ്ധതിയിലൂടെ ചൊവ്വ, വെള്ളി ദിവസങ്ങളിൽ എല്ലാ കുട്ടികൾക്കും ആറു തുള്ളി തേനും പുഴുങ്ങിയ ഒരു മുട്ടയും നൽകും. തിങ്കൾ, വ്യാഴം ദിവസങ്ങളിൽ 125 മില്ലീ ലിറ്റർ തിളപ്പിച്ചാറിയ പാൽ പ്രഭാത ഭക്ഷണത്തോടൊപ്പം നൽകും.

Share
അഭിപ്രായം എഴുതാം