ചിന്തന്‍ ശിബിരത്തിനുശേഷം രാഷ്ട്രപതി തെരഞ്ഞെടുപ്പിനെ സംബന്ധിച്ച നിലപാടെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ഉദയ്പൂരില്‍ നടക്കുന്ന ചിന്തന്‍ ശിബിരത്തിനുശേഷം രാഷ്ട്രപതി തെരഞ്ഞെടുപ്പിനെ സംബന്ധിച്ച നിലപാട് കോണ്‍ഗ്രസ് പ്രഖ്യാപിച്ചേക്കുമെന്നു സൂചന. സ്ഥാനാര്‍ഥിത്വത്തെക്കുറിച്ചുള്ള മറ്റു രാഷ്ട്രീയകക്ഷികളുടെ നീക്കങ്ങള്‍ പാര്‍ട്ടി സസൂക്ഷ്മം വീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഈ വിഷയം ചിന്തന്‍ ശിബിരത്തിന്റെ ഭാഗമല്ലെങ്കിലും സുപ്രധാന നയരൂപീകരണത്തിനു വേദിയാകുന്ന ശിബിരത്തിനുശേഷം സോണിയാഗാന്ധി യു.പി.എ ഘടകകക്ഷികളുമായി ആശയവിനിമയം നടത്തിയേക്കുമെന്ന് പാര്‍ട്ടിവൃത്തങ്ങള്‍ പറഞ്ഞു. അതോടെ തെരഞ്ഞെടുപ്പിനെ സംബന്ധിച്ച നിലപാടുകള്‍ ഉരുത്തിരിയുമെന്നാണു പ്രതീക്ഷിക്കുന്നത്. ഭരണമുന്നണിയായ എന്‍.ഡി.എയുടെ സ്ഥാനാര്‍ഥിയെ ഒറ്റയ്ക്കു പരാജയപ്പെടുത്താന്‍ നിലവില്‍ കോണ്‍ഗ്രസിനു കരുത്തില്ലാത്ത സാഹചര്യത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത സ്ഥാനാര്‍ഥി ഉണ്ടായിരിക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ചാല്‍ ഭരണകക്ഷിയെ ആശങ്കപ്പെടുത്താന്‍ അത് പര്യാപ്തമാകുകയും ചെയ്യും. ബി.ജെ.പിയുടെയും ഘടകകക്ഷികളുടെയും വോട്ടുകള്‍ ചേര്‍ന്നാല്‍ ചെറിയൊരു ഭൂരിപക്ഷമുണ്ടാക്കാനേ ഇപ്പോഴത്തെ സാഹചര്യത്തില്‍ സാധിക്കൂ. അതുകൊണ്ടുതന്നെ നിലവില്‍ എന്‍.ഡി.എയിലോ യു.പി.എയിലോ ഇല്ലാത്ത പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പില്‍ ചെറുതല്ലാത്ത ചില പങ്കുവഹിക്കാന്‍ സാധിക്കും. പാര്‍ട്ടി ഇപ്പോള്‍ ചിന്തന്‍ ശിബിരത്തിലാണു ശ്രദ്ധ കൊടുക്കുന്നതെന്നും അതിനുശേഷം സംയുക്ത പ്രതിപക്ഷ സ്ഥാനാര്‍ഥിയെപ്പറ്റി നിലപാടെടുക്കുമെന്നും സൂചിച്ചിച്ച കോണ്‍ഗ്രസ് വക്താക്കള്‍ 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ ഐക്യത്തിന് അതു കരുത്താകുമെന്നും പ്രതീക്ഷ പ്രകടിപ്പിച്ചു. എന്നാല്‍ സ്ഥാനാര്‍ഥി യു.പി.എയില്‍നിന്നു തന്നെ ആയിരിക്കുമെന്നും അതല്ല, പ്രതിപക്ഷ കക്ഷികള്‍ ഒരുമിച്ചു നിശ്ചയിക്കുന്ന സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുമെന്നും രണ്ടഭിപ്രായങ്ങള്‍ പാര്‍ട്ടിക്കുള്ളിലുണ്ട്. 2002 ല്‍ ബി.ജെ.പി നാമനിര്‍ദ്ദേശം ചെയ്ത സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസ് പിന്തുണച്ചതുപോലെയുള്ള സാഹചര്യം ഇനിയുണ്ടാവില്ലെന്നും പാര്‍ട്ടിവൃത്തങ്ങള്‍ പറഞ്ഞു. ഭരണകക്ഷിയുടെ വിമര്‍ശകന്‍ കൂടിയായ എ.പി.ജെ അബ്ദുല്‍ കലാമിനെയാണ് അന്ന് ബി.ജെ.പി സ്ഥാനാര്‍ത്ഥിയാക്കിയത്. അത് പ്രതിപക്ഷത്തോട് അനുഭാവപൂര്‍വം പെരുമാറിയിരുന്ന വാജ്പേയിയുടെ യുഗമായിരുന്നെന്നും ഇപ്പോള്‍ കാലം മാറിയെന്നും അവര്‍ പറഞ്ഞു.

Share
അഭിപ്രായം എഴുതാം