ഇ-ഗവേണൻസ് പഠിക്കാൻ സർക്കാർ പ്രതിനിധികളെ ഗുജറാത്തിലേക്കയക്കാനുള്ള എൽഡിഎഫ് സർക്കാരിന്റെ തീരുമാനം ഏറെ മാതൃകാപരമെന്ന് അബ്ദുള്ളക്കുട്ടി

കോഴിക്കോട് : മോദിയുടെ വികസന നയങ്ങൾ കേരളം മാതൃകയാക്കണമെന്ന് പ്രസ്താവന നടത്തിയതിനെ തുടർന്നായിരുന്നു അബ്ദുളളക്കുട്ടിക്കെതിരേ സിപിഎം നടപടിയെടുത്തത്. തൊഴിൽ മന്ത്രിയായിരുന്ന കാലത്ത് ഗുജറാത്തിലെത്തി മോദിയ കണ്ടതിന്റെ പേരിലായിരുന്നു ഷിബു ബേബി ജോൺ പഴികേട്ടത്

ഗുജറാത്ത് മോഡൽ വികസനം പഠിക്കാൻ ഉദ്യോഗസ്ഥ സംഘത്തെ ഗുജറാത്തിലേക്ക് അയച്ച എൽഡിഎഫ് സർക്കാരിന്റെ തീരുമാനത്തെ വൈകിവന്ന വിവേകമെന്ന് പറഞ്ഞ് അവഹേളിക്കുന്നില്ലെന്നും പിണറായി വിജയനെ അഭിനന്ദിക്കുകയാണെന്നും ബിജെപി ദേശീയ ഉപാധ്യക്ഷൻ എപി അബ്ദുള്ളക്കുട്ടി. ചീഫ് സെക്രട്ടറിയുടെ ഗുജറാത്ത് സന്ദർശനത്തെ സ്വാഗതം ചെയ്യുന്നതായും ഇത്തരമൊരു തീരുമാനമെടുത്ത പിണറായിയെ നെഞ്ചോട് ചേർത്തുപിടിച്ച് പിടിച്ച് അഭിവാദ്യം ചെയ്യാനാണ് ആഗ്രഹിക്കുന്നതെന്നും അബ്ദുള്ളക്കുട്ടിപറഞ്ഞു. . മുമ്പ് 2009ൽ മോദിയുടെ വികസന നയങ്ങൾ കേരളം മാതൃകയാക്കണമെന്ന് പ്രസ്താവന നടത്തിയതിനെ തുടർന്നായിരുന്നു അബ്ദുള്ളക്കുട്ടിയെ സിപിഎം പുറത്താക്കിയത്.

ഗുജറാത്ത് മോഡൽ മാതൃകയാക്കണമെന്നും കേരളം മോദിയെ കണ്ടുപഠിക്കണമെന്നും 14 വർഷങ്ങൾക്ക് മുമ്പ് വിളിച്ചുപറഞ്ഞതിന് അന്നുതാൻ ഒരുപാട് ക്രൂശിക്കപ്പെട്ടു.അവരോടെല്ലാം അന്നേ പൊറുത്തതാണ്. എൽഡിഎഫ് സർക്കാരിന്റെ പല നയങ്ങളോടും ശക്തമായ വിയോജിപ്പുകളുണ്ട്. എന്നാൽ ഗുജറാത്തിലെ ഇ-ഗവേണൻസ് പഠിക്കാൻ ഉന്നത സർക്കാർ പ്രതിനിധികളെ അയക്കാനുള്ള എൽഡിഎഫ് സർക്കാരിന്റെ ഇപ്പോഴത്തെ തീരുമാനം ഏറെ മാതൃകാപരമാണ്. പിണറായി വിജയന് ഇപ്പോഴുണ്ടായ ഈ മാറ്റം കുറേകൂടി ശക്തമാകട്ടെയെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

‘ഇ-ഗവേണൻസിൽ മാത്രമല്ല കൃഷി, വ്യവസായം, അടിസ്ഥാന സൗകര്യം തുടങ്ങിയ എല്ലാ മേഖലകളിലും ഒരുപാട് മാതൃക സൃഷ്ടിച്ച സംസ്ഥാനമാണ് ഗുജറാത്ത്. കെഎസ്ആർടിസിയെ രക്ഷപ്പെടുത്താനായി കെഎസ്ആർടിസി എംഡി നെതർലൻഡിലേക്ക് പോകുന്നതായി അടുത്തിടെ ഒരു വാർത്ത കണ്ടു. ഇതിനൊന്നും നെതർലൻഡിലേക്ക് പോകേണ്ട ആവശ്യമില്ല. പിണറായി കെഎസ്ആർടിസി ഉദ്യോഗസ്ഥനെ അയക്കേണ്ടത് യുപിയിലേക്കാണ്. വലിയ നഷ്ടത്തിലായിരുന്ന യുപി എസ്ആർടിസിയെ ചുരുങ്ങിയകാലം കൊണ്ട് ലാഭത്തിലാക്കിയ മുഖ്യമന്ത്രിയാണ് യോഗി ആദിത്യനാഥ്. അതിനാൽ യുപിയിലെത്തിയും കേരളം വികസനം പഠിക്കണം. ഗുജറാത്തും യുപിയും നൽകുന്ന വികസനപാത ഹർത്താലും നോക്കുകൂലിയും ഇല്ലാത്തതാണ്’, അബ്ദുള്ളക്കുട്ടി പറഞ്ഞു.

2009-ൽ നരേന്ദ്ര മോദിയുടെ വികസന നയങ്ങൾ കേരളം മാതൃകയാക്കണമെന്ന് പ്രസ്താവന നടത്തിയതിനെ തുടർന്നായിരുന്നു സിറ്റിങ് എംപിയായ അബ്ദുളളക്കുട്ടിക്കെതിരേ സിപിഎം നടപടിയെടുത്തത്. ഗൾഫ് സന്ദർശനത്തിനിടെയായിരുന്നു അന്നത്തെ വിവാദ പരാമർശം. ഇതിനുമുമ്പ് അബ്ദുള്ളക്കുട്ടി ഹർത്താൽ വിരുദ്ധ പ്രസ്താവന നടത്തിയതും മതവിശ്വാസവുമായി ബന്ധപ്പെട്ട പാർട്ടി നിലപാടുകളിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടതും സിപിഎമ്മിന് വലിയ തലവേദന സൃഷ്ടിച്ചിരുന്നു. മോദിസ്തുതികൂടി ആയതോടെ അബ്ദുള്ളക്കുട്ടിയെ പുറത്താക്കാനുള്ള തീരുമാനത്തിന് വേഗം കൂടി. ആദ്യം ഒരുവർഷത്തേക്ക് പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. എന്നാൽ സസ്‌പെൻഷൻ കാലയളവിലും പാർട്ടിവിരുദ്ധ പ്രസ്താവനകൾ നടത്തുകയും വർഗശത്രുക്കളോടു ചേർന്ന് പ്രവർത്തിക്കുകയും ചെയ്‌തെന്ന് ആരോപിച്ച് അബ്ദുള്ളക്കുട്ടിയെ പാർട്ടിയിൽ നിന്ന് സിപിഎം പുറത്താക്കുകയായിരുന്നു.

സിപിഎം ടിക്കറ്റിൽ രണ്ടു തവണ കണ്ണൂരിൽ നിന്ന് എംപിയായ അബ്ദുള്ളക്കുട്ടി പാർട്ടിയിൽനിന്ന് പുറത്തായതിന് ശേഷം കോൺഗ്രസിൽ ചേരുകയായിരുന്നു. എംപി എന്ന നിലയിൽ സിപിഎം തനിക്കുവേണ്ടത്ര പിന്തുണ നൽകിയില്ലെന്നും ഇക്കാര്യത്തിൽ യുഡിഎഫിനെ സിപിഎം മാതൃകയാക്കണമെന്നും അബ്ദുള്ളക്കുട്ടി പരസ്യമായി ആവശ്യപ്പെട്ടിരുന്നു. കോൺഗ്രസിലെത്തിയ ശേഷം നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ണൂരിൽനിന്ന് വിജയിക്കുകയും ചെയ്തു. നരേന്ദ്ര മോദിയെ പ്രകീർത്തിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടതിനെ തുടർന്നാണ് കോൺഗ്രസും അബ്ദുള്ളക്കുട്ടിയെ പുറത്താക്കിയത്. മോദിയെ അനുകൂലിച്ച് പോസ്റ്റിട്ടതിന് പാർട്ടി വിശദീകരണം ചോദിച്ചെങ്കിലും നിലപാടിൽ ഉറച്ചുനിന്നതോടെ കോൺഗ്രസ് നേതൃത്വം അദ്ദേഹത്തെ പുറത്താക്കി. പിന്നാലെ ബിജെപിയിലെത്തിയ അബ്ദുള്ളക്കുട്ടിയെ പാർട്ടി ദേശീയ ഉപാധ്യക്ഷനാക്കുകയും ചെയ്തു.

ഡാഷ്‌ബോർഡ് കാര്യങ്ങളൊന്നും ഗുജറാത്തിൽ പോയി പഠിക്കേണ്ട കാര്യമില്ല. കേരളത്തിൽ തന്നെ എത്രയോ മികച്ച കമ്പനികളും വിദഗ്ധരുമുണ്ട്. യുഡിഎഫിന്‍റെ ഒരു മുഖ്യമന്ത്രിയാണ് ഇത്തരമൊരു പഠനത്തിനായി ചീഫ് സെക്രട്ടറിയെ ഗുജറാത്തിലേക്ക് വിട്ടതെങ്കിൽ കേരളത്തിൽ എന്താകുമായിരുന്നു സ്ഥിതിയെന്നും അദ്ദേഹം ചോദിച്ചു. എന്തെങ്കിലും പഠിക്കാനായി ലോകത്ത് എവിടേക്കും

പോകുന്നതിൽ ഒരു തെറ്റുമില്ല. എന്നാൽ ഇക്കാലമത്രയും ഗുജറാത്തിൽ നിന്ന് ഒന്നും പഠിക്കാനില്ലെന്ന് പറഞ്ഞവർ ഇപ്പോൾ അങ്ങോട്ട് പോകുന്നതാണ് വിരോധാഭാസം.

2013-ൽ മികച്ച സ്‌കിൽ ഡെവലപ്പ്‌മെന്റിനുള്ള കേന്ദ്രസർക്കാർ അവാർഡ് ഗുജറാത്തിന് കിട്ടിയ സാഹചര്യത്തിലാണ് അന്നുതാൻ മോദിയെ പോയി കണ്ടത്. കേരളം അന്ന് സ്‌കിൽ ഡെവലപ്പ്‌മെന്‍റില്‍ ഒരു കുതിച്ചുചാട്ടത്തിന് നിൽക്കുമ്പോൾ എന്താണ് അതെന്ന് മനസിലാക്കാനാനായിരുന്നു ആ കൂടിക്കാഴ്ച. ഔദ്യോഗിക ചർച്ച കൊണ്ടുതന്നെ ആ പദ്ധതികൾ ഫലപ്രദമല്ലെന്നും കേരളത്തിന്‍റെ സാഹചര്യത്തിൽ അത് പ്രയോജനപ്പെടില്ലെന്നും മനസിലാക്കാൻ സാധിച്ചു. ആ ഔദ്യോഗിക കൂടിക്കാഴ്ച്ചയുടെ പേരിൽ രാഷ്ട്രീയ കോലാഹലങ്ങൾ ഉണ്ടാക്കിയവരാണ് ഇപ്പോൾ ഇരട്ടത്താപ്പ് നയവുമായി ഗുജറാത്തിലേക്ക് പഠനത്തിന് പോകുന്നതെന്നും അദ്ദേഹം വിമർശിച്ചു.

ഒന്നാം സ്ഥാനത്തുള്ള കേരളത്തിന് മറ്റൊരു സംസ്ഥാനത്തിൽ നിന്നും ഒന്നും പഠിക്കാനില്ലെന്നും അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിർദ്ദേശപ്രകാരമായിരുന്നു ഞാൻ മോദിയെ കണ്ടതെന്നുമൊക്കെയായായിരുന്നു ഇന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷൻ അന്ന് ഉന്നയിച്ച ആരോപണങ്ങൾ. താൻ രാജിവയ്ക്കണമെന്നും സി.പി.എം ആവശ്യപ്പെട്ടിരുന്നു. ഇന്നിപ്പോൾ ഗുജറാത്തിലെ വികസന മാതൃക പഠിക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ചീഫ് സെക്രട്ടറി ഉൾപ്പെടെ ഗുജറാത്തിലേക്ക് പോകുമ്പോൾ കോടിയേരിക്ക് എന്താണ് പറയാനുള്ളത്? പിണറായി രാജിവയ്ക്കണമെന്ന് പറയാൻ കോടിയേരിക്ക് ധൈര്യമുണ്ടോയെന്നും ഷിബു ബോബി ജോൺ ചോദിച്ചു.

ഗുജറാത്ത് മാതൃക എന്ന കൊട്ടിഘോഷിക്കപ്പെട്ട വികസന പ്രചരണങ്ങൾ വെള്ളത്തിൽ വരച്ച വരകളായിരുന്നുവെന്നതും തമ്പാനൂർ കെ.എസ്.ആർ.ടി.സി കോംപ്ലക്‌സ് പോലും ഗുജറാത്തിലേത് എന്ന പേരിൽ പ്രചരിപ്പിച്ചിരുന്നതുമൊക്കെ രാജ്യം തിരിച്ചറിഞ്ഞവസ്തുതകളാണ്. എന്നിട്ടും ഗുജറാത്ത് വികസനമെന്ന വ്യാജമാതൃക പഠിക്കാൻ ചീഫ് സെക്രട്ടറി അടക്കമുള്ളവരെ മുഖ്യമന്ത്രി ഗുജറാത്തിലേക്ക് അയക്കുമ്പോൾ എവിടെ എത്തിനിൽക്കുന്നു കേരളം എന്നാണ് ചിന്തിക്കേണ്ടത്. മോദിയ്ക്ക് പ്രധാനമന്ത്രിയാകാൻ തട്ടിക്കൂട്ടി ഉണ്ടാക്കിയ പുകമറയായിരുന്നു ഗുജറാത്ത് വികസന മാതൃക. മോദി പ്രധാനമന്ത്രിയായതോടെ ബി.ജെ.പിക്കാർ പോലും ആ വാദം ഉപേക്ഷിച്ചു. എന്നിട്ടും ഗുജറാത്ത് വികസന പറുദീസയാണെന്ന മിഥ്യാധാരണയിൽ വികസനം പഠിക്കാൻ ഉദ്യോഗസ്ഥരെ അയക്കുന്ന കേരളമുഖ്യന്റെ ലക്ഷ്യമെന്താണ്. എല്ലാ കാര്യങ്ങൾക്കും മോദിയെ മാതൃകയാക്കുന്ന കേരള മുഖ്യമന്ത്രി, ഇല്ലാത്ത വികസനങ്ങൾ പ്രചരിപ്പിക്കുന്ന മോദി മാജിക്ക് പഠിക്കാനാണോ ഉദ്യോഗസ്ഥരെ അയച്ചിരിക്കുന്നതെന്ന് സംശയിക്കാവുന്നതാണെന്നും ഷിബു ബേബി ജോൺ വിമർശിച്ചു.

പകൽ ബി.ജെ.പി വിരോധം പറയുകയും രാത്രിയാകുമ്പോൾ സംഘപരിവാറുമായി സന്ധി ചേരുകയും ചെയ്യുന്ന നിലപാട് വ്യക്തമാക്കുന്നതാണ് ഗുജറാത്തിലേക്ക് ചീഫ് സെക്രട്ടറിയെ അയയ്ക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനമെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ വിമർശനം. സി.പി.എമ്മിന്റെ പാർട്ടി കോൺഗ്രസിലും കോൺഗ്രസിനെ തകർത്ത് ബി.ജെ.പിയെ സഹായിക്കുകയെന്ന ലൈനാണ് കേരള ഘടകം സ്വീകരിച്ചത്. ആ നിലപാടിന് നേതൃത്വം നൽകിയതും പിണറായി വിജയനാണ്. ഗുജറാത്തിൽ സദ്ഭരണമാണ് നടക്കുന്നതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ കണ്ടെത്തൽ. മോദിയുടെ സദ്ഭരണം പഠിക്കാൻ പിണറായി ഇനി എന്നാണ് ഡൽഹിയിലേക്ക് പോകുന്നതെന്നു കൂടി അറിഞ്ഞാൽ മതിയെന്നും സതീശൻ പരിഹസിച്ചു.

സംഘപരിവാറുമായുള്ള സി.പി.എം ബന്ധത്തിനിടയിൽ ഇടനിലക്കാരുണ്ട്. ഗുജറാത്ത് സർക്കാരും കേരള സർക്കാരും തമ്മിൽ ബന്ധമുണ്ടാക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ഇത് സി.പി.എമ്മിന്റെ ബി.ജെ.പി-സംഘപരിവാർ ബന്ധത്തിനുള്ള ഏറ്റവും അവസാനത്തെ തെളിവാണെന്നും വിഡി സതീശൻ വിമർശിച്ചു. തീവ്രഹിന്ദു നിലപാടുകൾ പകർത്താനാണോ ഉദ്യോഗസ്ഥരെ സംസ്ഥാന സർക്കാർ ഗുജറാത്തിലേക്ക് അയച്ചതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരനും ചോദിച്ചു. അതേസമയം വികസന മാതൃകകളോട് പുറംതിരിഞ്ഞു നിൽക്കേണ്ടതില്ലെന്ന പുതിയ നിലപാടാണ് വിമർശനങ്ങൾക്കെതിരേയുള്ള സംസ്ഥാന സർക്കാരിന്റെ പ്രതിരോധം.

Share
അഭിപ്രായം എഴുതാം