ഹൈ സ്പീഡ് റെയിൽ കേരളത്തിന്റെ പശ്ചാത്തലത്തിൽ നടപ്പാക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കിയാണ് യുഡിഎഫ് സർക്കാർ വേണ്ടെന്നുവച്ചതെന്ന് ഉമ്മൻ ചാണ്ടി

തിരുവന്തപുരം: സിൽവർ ലൈൻ പദ്ധതി കേരളത്തിൽ നടപ്പാക്കില്ലെന്ന് ഉമ്മൻ ചാണ്ടി. കേരളത്തിന് യോജിച്ച പദ്ധതിയല്ല സിൽവർ ലൈൻ. കെ റെയില്‍ പ്രതിഷേധം സര്‍ക്കാര്‍ കണക്കിലെടുക്കണമെന്ന് ഉമ്മന്‍ ചാണ്ടി. ജനങ്ങളുടെ പ്രതിഷേധം സർക്കാർ അപമാനമായി കാണരുതെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.

പദ്ധതി കേരളത്തിന് ഗുണം ചെയ്യില്ല. ഹൈ സ്പീഡ് റെയിൽ കേരളത്തിന്റെ പശ്ചാത്തലത്തിൽ നടപ്പാക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കിയാണ് യുഡിഎഫ് സർക്കാർ വേണ്ടെന്നുവച്ചത്. വിഴിഞ്ഞം പദ്ധതി പോലും ഇതുവരെ റോ മെറ്റീരിയൽസ് ഇല്ലാത്തതിനാൽ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല.

പ്രതിഷേധങ്ങളെത്തുടർന്ന് ഒരു പദ്ധതി മാറ്റിവെക്കുന്നത് നാണക്കേടോ ബലഹീനതയോ ആയി സർക്കാർ കണക്കാക്കണ്ടതില്ല. വ്യത്യസ്ത അഭിപ്രായങ്ങളെ കണക്കിലെടുക്കേണ്ടത് സർക്കാരിന്റെ കടമയാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

കണ്ണൂർ എയർപോർട്ട്, കൊച്ചി മെട്രോ, നെടുമ്പാശ്ശേരി എയർപോർട്ട് എന്നിവ യുഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തിക്ക് ഉദാഹരണമാണ്. വികസന കാര്യത്തിൽ യുഡിഎഫ് പ്രത്യേക താൽപ്പര്യം എടുത്തിട്ടുണ്ട്. പക്ഷേ ജനങ്ങളുടെ പ്രതിഷേധം വരുമ്പോൾ കണ്ടില്ലെന്ന് നടിക്കില്ലെന്നും ഉമ്മൻ ചാണ്ടി വിശദീകരിച്ചു.

Share
അഭിപ്രായം എഴുതാം