ലൈസന്‍സ്‌ പുതുക്കാന്‍ കൈക്കൂലി വാങ്ങിയ പഞ്ചായത്ത്‌ ജീവനക്കാരന്‍ അറസ്റ്റില്‍

വിഴിഞ്ഞം : ഹോംസ്‌റ്റേയുടെ ലൈസന്‍സ്‌ പുതുക്കാന്‍ കൈക്കൂലി വാങ്ങിയ പഞ്ചായത്ത്‌ ക്ലര്‍ക്ക്‌ വിജിലന്‍സ്‌ പിടിയിലായി. കോട്ടുകാല്‍ പഞ്ചായത്ത്‌ ഓഫീസിലെ സെക്ഷന്‍ ക്ലാര്‍ക്ക്‌ എം ശ്രീകുമാറാണ്‌ അറസറ്റിലായത്‌. കല്ലിയൂര്‍ പൂങ്കുളം സ്വദേശി സുരേഷ്‌ വിഴിഞ്ഞം ആഴിമലയില്‍ മൂന്നുനിലയുളള കെട്ടിടത്തിന്റെ രണ്ടുനിലകള്‍ വാടകയ്‌ക്കെടുത്ത്‌ ഹോംസ്‌റ്റേ നടത്തുന്നതിലേക്കായി കോട്ടുകാല്‍ പഞ്ചായത്ത് ഓഫീസില്‍ നിന്ന്‌ 2019ല്‍ ലൈസന്‍സ്‌ വാങ്ങിയിരുന്നു. എന്നാല്‍ കോവിഡിനെ തുടര്‍ന്ന്‌ ഹോം സ്‌റ്റേ തുടങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ലൈസന്‍സിന്റെ കാലാവധി കഴിഞ്ഞിരുന്നതിനാല്‍ പുതുക്കാനായി കോട്ടുകാല്‍ പഞ്ചായത്ത ഓഫീസില്‍ അപേക്ഷ നല്‍കിയിരുന്നു.

തുടര്‍ന്ന്‌ അടുത്ത ദിവസം കെട്ടിടം പരിശോധന നടത്താന്‍ എത്തിയ സെക്ഷന്‍ ക്ലാര്‍ക്ക്‌ ശ്രീകുമാര്‍ ലൈസന്‍സ്‌ നല്‍കുന്നതിന്‌ 25,000രൂപ ആവശ്യപ്പെടുകയായിരുന്നു. ആദ്യഗഡുവായ 10,000രൂപ ഉടന്‍ നല്‍കണമെന്ന്‌ അറിയിക്കുകയും ചെയ്‌തിരുന്നു. അതേ തുടര്‍ന്ന്‌ സുരേഷ്‌ ഈ വിവരം തിരുവനന്തപുരം സതേണ്‍ റേഞ്ച്‌ പോലീസ്സസൂപ്രണ്ട്‌ ആര്‍ ജയശങ്കറിനെ അറിയിക്കുകയും അദ്ദേഹത്തിന്റെ നിര്‍ദ്ദേശ പ്രകാരം സതേണ്‍ റേഞ്ച്‌ ഡിെൈവസ്‌പി പി.വി അനിലിന്റെ നേതൃത്വത്തില്‍ 2022മാര്‍ച്ച്‌ 23ന്‌ ഉച്ചക്ക്‌ 12 മണിയോടെ കോട്ടുകാല്‍ പഞ്ചായത്ത്‌ ഓഫീസിന്‌ സമീപം പരാതിക്കാരന്‍റെ കാറില്‍ വച്ച് 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ശ്രീകുമാറിനെ പിടികൂടുകയായിരുന്നു. ഇയാളെ ഇന്ന്‌ തിരുവനന്തപുരം വിജിലന്‍സ്‌ കോടതിയില്‍ ഹാജരാക്കും.

Share
അഭിപ്രായം എഴുതാം