തൊടുപുഴ: രാഹുലങ്കിളേ ഞങ്ങളെ രക്ഷിക്കണേയെന്ന നിലവിളി ഇപ്പോഴും കാതില്‍ മുഴങ്ങുന്നതായി രാഹുല്‍. വര്‍ഷങ്ങളായി തന്റെയും കുടുംബത്തിന്റെയും സന്തോഷമായിരുന്ന മെഹറിനും അസ്‌നയും. ദുരന്തമുഖത്ത് നേര്‍ത്തില്ലാതായ നാലുപേരുടെയും നിലവിളി തന്നെ വേട്ടയാടുകയാണെന്നും രാഹുല്‍. സംഭവത്തിലെ പ്രധാന സാക്ഷിയാണ് രാഹുല്‍രാജന്‍(32). കുഞ്ഞുങ്ങള്‍ പിച്ചവെക്കാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ മെഹറിനെയും അസ്‌നയെയും ഒപ്പം കൂട്ടിയായിരുന്നു നടപ്പ് . അസ്‌നയുടെ അവസാന ഫോണ്‍ കോളെടുത്തപ്പോള്‍ കേട്ടത് രക്ഷിക്കണേയെന്ന നിലവിളിയാണ്. പാഞ്ഞെത്തിയെങ്കിലും അഗ്നികുണ്‌ഠമായ വീട്ടില്‍ നിന്ന് ഒരാളെപ്പോലും രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്ന് മുറിഞ്ഞ വാക്കുകളില്‍ രാഹുല്‍ പറഞ്ഞു.
ചീനിക്കുഴി പെരിങ്ങാശേരി റോഡിലുളള ഫൈസലിന്റെ വീടിനെതിര്‍വശത്തണ് രാഹുലും കുടുംബവും താമസിക്കുന്നത്. . 15 വര്‍ഷം മുമ്പ് ഇവിടെ താമസം ആരംഭിച്ചതുമുതല്‍ ഇരുകുടുംബങ്ങളും തമ്മില്‍ ആത്മബന്ധം ഉണ്ടായിരുന്നു. വിശേഷ ദിവസങ്ങളും കുട്ടികളുടെ പിറന്നാളുുമെല്ലാം ഭക്ഷണത്തിനൊപ്പം സ്‌നേഹവും അവര്‍ പങ്കിട്ടിരുന്നു. ഫൈസലും ഷീബയയും കടയിലാണെങ്കിലും മക്കളെക്കുറിച്ചോര്‍ത്ത് ആശങ്കയില്ലായിരുന്നു. രാഹുലിന്റെ കുടുംബത്തില്‍ മക്കള്‍ സുരക്ഷിതരാണെന്ന് ഇരുവര്‍ക്കും ബോധ്യമുണ്ടായിരുന്നു. തന്റെ പെണ്‍മക്കള്‍ക്ക് സഹോദരിമാരായാണ് രാഹുല്‍ ഇവരെ കരുതിയിരുന്നത്. കുറെ നാളുകള്‍ക്കുമുമ്പ് ഉമ്പന്നൂരിലെ കളരിയില്‍ സ്വന്തം മക്കളെ ആയോധനകല പഠിപ്പിക്കാനയച്ചപ്പോള്‍ മെഹറിനും അസ്‌നയും കൂടെ ഇതൊക്ക പഠിക്കട്ടെയെന്ന പറഞ്ഞ് അവരെയും ഒപ്പംകൂട്ടി. ദുരന്തം സംഭവിച്ച രാത്രിയിലും ഇരുവരും രാഹുലിന്റെ വീട്ടിലെത്തിയിരുന്നു.
വെളളിയാഴ്‌ച അര്‍ദ്ധരാത്രി 12.45ന് കുട്ടികളിലൊരാളുടെ ഫോണ്‍കോള്‍ കണ്ട് ഫോണെടുത്തപ്പോള്‍ രാഹുല്‍ കേട്ടത് ഓടിവായോ അങ്കിളേ രക്ഷിക്കണേയെന്ന നിലവിളിയാണ്. ഷര്‍ട്ടുപോലും ഇടാതെ താഴേക്ക് ഓടി. ഹമീദ് അടച്ചുപൂട്ടിയ മുന്‍വശത്തെ വാതില്‍ രാഹുല്‍ ചവിട്ടിതുറന്ന് അകത്തെത്തി. തീ കത്തിയമരുന്നതിന്‍റെ ശബ്ദവും പെട്രോലിന്റെ ഗന്ധവും. .ധൈര്യം വിടാതെ നാലുപേരും കിടന്ന മുറി ചവിട്ടിത്തുറന്നു. ഈ സമയം അകത്തെത്തിയ ഹമീദ് പെട്രോള്‍ നിറച്ച രണ്ട് കുപ്പികള്‍കൂടി രാഹുലിന്റെ പിന്നിലൂടെ അകത്തേക്കെറിഞ്ഞു. ഇത് പതിച്ച് മുറിയിലെ ബെഡ് ആളിക്കത്തി.
ഇതോടെ ശുചിമുറിക്കുളളിലായിരുന്ന നാലുപേരുടെയും നിലവിളി കേട്ടെങ്കിലും ആളുന്ന അഗ്നിയെ മറികടന്ന് രക്ഷിക്കാന്‍ കഴിയാതെയായി. ഇതിനിടെ രാഹുലിനെ തളളിയിടാന്‍ ഹമീദ് ശ്രമിച്ചു. ഒടുവില്‍ ബലം പ്രയോഗിച്ചാണ് ഹമീദിനെ തളളി പുറത്തേക്കിട്ടത്. ബഹളം കേട്ടത്തിയ രാഹുലിന്റെ വീട്ടുകാരാണ് മറ്റുളളവരെ വിളിച്ചുകൂട്ടി രക്ഷാ പ്രവര്‍ത്തനം നടത്തിയത്.പുറത്തുന്ന് വെളളമൊഴിച്ച തീ കെടുത്തിയപ്പോഴേക്കും ഫൈസലും കുടുംബവും മരണത്തിന് കീഴടങ്ങിയിരുന്നു. മെഹറിനും അസ്‌നയുമില്ലാതെ എനിക്കിവിടെ ജീവിക്കാനാവില്ല. ഇവിടം വിട്ട് മറ്റെവിടേക്കെങ്കിലും പോയാല്‍ മതിയെന്ന് വിവരം തിരക്കിയെത്തുന്നവരോട് കരച്ചിലടക്കാനാവാതെ രാഹുല്‍ പറഞ്ഞുകൊണ്ടിരുന്നു