തൃശ്ശൂർ: റേഷൻ വാങ്ങാൻ ഇനി നടക്കണ്ട; മാട്ടുമ്മൽ നിവാസികൾക്ക് ആശ്വാസമായി പുതിയ റേഷൻകട

തൃശ്ശൂർ: ചാവക്കാട് താലൂക്കിലെ മാട്ടുമ്മൽ  നിവാസികൾക്ക് ഇനി റേഷൻ വാങ്ങാൻ കിലോമീറ്ററുകൾ നടക്കണ്ട. പ്രദേശവാസികളുടെ ദുരിതത്തിന് ആശ്വാസമായി പുതിയ റേഷൻ കട അനുവദിച്ച് സർക്കാർ ഉത്തരവ്. പഞ്ചായത്തിലെ അഞ്ചാം വാർഡായ മാട്ടുമ്മലിലാണ് പുതിയ റേഷൻ കട അനുവദിച്ച് ഉത്തരവായത്. കിലോമീറ്ററുകളോളം യാത്ര ചെയ്ത് റേഷൻ വാങ്ങിയിരുന്ന മാട്ടുമ്മൽ വാസികളുടെ ദുരിതം എൻ കെ അക്ബർ എംഎൽഎ ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്നാണ് നടപടി. സാധാരണക്കാർക്ക് താങ്ങാകുന്ന പുതിയ റേഷൻകട ആരംഭിക്കുന്നത് സംബന്ധിച്ച് പൊതു വിതരണ ഡയറക്ടർ തുടർ നടപടികൾ സ്വീകരിക്കും. ചുറ്റുപാടും വെള്ളത്താൽ നിറഞ്ഞു നിൽക്കുന്ന ദ്വീപ് പ്രദേശമായ മാട്ടുമ്മലിൽ 500 ൽ അധികം  കുടുംബങ്ങളാണ് താമസിക്കുന്നത്.  അഞ്ച് കിലോമീറ്ററോളം യാത്ര ചെയ്താണ് നിലവിൽ പ്രദേശവാസികൾ  റേഷൻ വാങ്ങിയിരുന്നത്. ഇത് ജനങ്ങൾക്ക് വളരെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെന്ന് വിശദീകരിച്ചു  ഭക്ഷ്യസിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ അനിലിന് എൻ. കെ. അക്ബർ എം എൽ എ കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മാട്ടുമ്മൽ പ്രദേശത്ത് പുതിയ റേഷൻ കട അനുവദിച്ച് നൽകാവുന്നതാണെന്ന് ജില്ലാ കലക്ടർ ഹരിത വി കുമാർ ശുപാർശ ചെയ്തു. ഇതിലേക്കാവശ്യമായ പ്രൊഫോർമ, ചെക്ക് ലിസ്റ്റ്, ലൊക്കേഷൻ സ്കെച്ച് എന്നിവ ലഭ്യമാക്കുകയും ചെയ്തു. സർക്കാർ ഇക്കാര്യങ്ങൾ വിശദമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് മാട്ടുമ്മൽ പ്രദേശത്ത്  പുതിയ റേഷൻ കട അനുവദിച്ചത്.

Share
അഭിപ്രായം എഴുതാം