കോട്ടയം: നിഖിലിന് കൃഷി കുട്ടിക്കളിയല്ല; നാലാം ക്ലാസുകാരൻ ജില്ലയിലെ മികച്ച രണ്ടാമത്തെ കുട്ടി കർഷകൻ

കോട്ടയം: നിഖിലിന് കൃഷി കുട്ടിക്കളിയല്ലെന്ന് നാടൊട്ടുക്ക് തിരിച്ചറിഞ്ഞിരിക്കുകയാണിപ്പോൾ. കിലോക്കണക്കിന് വെണ്ടയും തക്കാളിയും പയറുമൊക്കെ സ്വന്തം കൈ കൊണ്ട് വിളയിച്ചെടുത്താണ് കൂരോപ്പട പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ വി. നിഖിൽ എന്ന ഒൻപത് വയസുകാരൻ ജില്ലയിലെ രണ്ടാമത്തെ മികച്ച കുട്ടി കർഷനായി മാറിയത്. കൃഷി വകുപ്പിന്റെ 2021-22 വർഷത്തെ അവാർഡാണ് നിഖിലിന് ലഭിച്ചത്.

കൂരോപ്പട ചെന്നാമറ്റം വേങ്ങാനത്ത് വേണുഗോപാലിന്റെയും അനു മോളുടെയും മകനാണ് നിഖിൽ. കൃഷി വകുപ്പിന്റെ പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി കൂരോപ്പട കൃഷി ഭവന്റെ നേതൃത്വത്തിൽ സ്‌കൂൾ വിദ്യാർഥികൾക്കായി പച്ചക്കറി തൈകൾ വിതരണം ചെയ്തിരുന്നു. മികച്ച രീതിയിൽ കൃഷി ചെയ്യുന്ന വിദ്യാർഥികൾക്ക് കൃഷി ഭവന്റെ നേതൃത്വത്തിൽ പ്രോത്സാഹനവും നൽകിയിരുന്നു. കർഷകനായ അച്ഛനോടൊപ്പമാണ് കൊറോണക്കാലത്ത് കൂടുതൽ നേരം കൃഷിയിലൂടെ പലതരം പച്ചക്കറികൾ വിളയിച്ചെടുത്തത്. കൃഷി വകുപ്പിൽ നിന്നും ലഭിച്ച തൈകൾക്ക് പുറമെ സ്വന്തമായി ട്രേയിൽ വിത്ത് മുളപ്പിച്ചെടുത്തും കൃഷി വിപുലീകരിച്ചു. ഇതിനു പുറമെ ചെറിയ രീതിയിൽ ചോളവും കൃഷി ചെയ്തു. ഇരുന്നൂറോളം ചുവട് ചോളമാണ് കൃഷി ചെയ്തത്. ചോളവും മറ്റ് പച്ചക്കറികളും അച്ഛന്റെ തന്നെ നേതൃത്വത്തിൽ നടത്തുന്ന ഇക്കോ ഷോപ്പ് വഴിയാണ് വിറ്റഴിച്ചത്.

ഇക്കഴിഞ്ഞ ഓണക്കാലത്ത് പൂക്കളമൊരുക്കാനുള്ള ബന്ദിപ്പൂക്കൾ കൃഷി ചെയ്ത് വേണുഗോപാലും ശ്രദ്ധ നേടിയിരുന്നു. നഴ്‌സിംഗ് ജോലി വേണ്ടെന്ന് വച്ചാണ് ഭാര്യയുടെ ഏഴ് ഏക്കറോളം സ്ഥലത്ത് കർണാടക സ്വദേശിയായ വേണുഗോപാൽ കഴിഞ്ഞ പത്ത് വർഷത്തോളമായി കൃഷി ചെയ്യുന്നത്. കൃഷി വകുപ്പിന്റെ നിരവധി പുരസ്‌കാരങ്ങൾ ഈ കുടുംബത്തെ തേടിയെത്തിയിട്ടുണ്ട്. കോത്തല എൻ.എസ്.എസ് സ്‌കൂളിൽ നാലാം ക്ലാസ് വിദ്യാർഥിയാണ് നിഖിൽ. നിഹാൽ സഹോദരനാണ്.

Share
അഭിപ്രായം എഴുതാം