വനോദ്യാനമൊരുക്കി ഒരാൾ

ലാഭം മാത്രം ലക്ഷ്യമിട്ട് ഏത് പ്രവൃത്തിയും ഏറ്റെടുക്കുന്നവരാണ് പുതിയ കാലത്ത് ഏറെപ്പേരും. എന്നാൽ അവരിൽ നിന്ന് തീർത്തും വ്യത്യസ്തരായ ചില മനുഷ്യരുണ്ട്. ജീവിതത്തിന്റെ വിലയേറിയ സമയം പ്രതിഫലേച്ഛയില്ലാത്ത പ്രവർത്തികൾക്കായി നീക്കിവച്ചവർ. അങ്ങനെയൊരാളാണ് മാള അണ്ണല്ലൂർ വാത്യാട്ട് ശ്രീധരൻ. ഒരേക്കർ ഭൂമിയാണ് ശ്രീധരൻ ഫലവൃക്ഷങ്ങളുടെയും ഔഷധങ്ങളുടെയും വനമാക്കി മാറ്റിയത്.
പഞ്ചായത്തു സെക്രട്ടറി തസ്തികയിൽ നിന്ന് വിരമിച്ച അറുപത്തിരണ്ടുകാരനായ ശ്രീധരൻ 20 വർഷമായി ‘കില’ ഫാക്കൽറ്റിയാണ്.

ചോ: എന്തായിരുന്നു ഇങ്ങനെയൊരു ഉദ്യമത്തിലേക്ക് നയിച്ച വികാരം ?

ഉ: 30 വർഷത്തോളമായി പാരിസ്ഥിതിക കൂട്ടായ്മകളുമായി ബന്ധമുണ്ട്. ജൈവകർഷക സമിതിയുമായും ബന്ധമുണ്ട്. കെ വി ദയാലിന്റെ പ്രചോദനവും നാട്ടറിവുകളുമെല്ലാം കാടിനെയും ഫലവൃക്ഷോദ്യാനത്തെയും സ്നേഹിക്കാൻ പ്രചോദനമായിട്ടുണ്ട്. ഒരേക്കർ കൃഷിയിടത്തിൽ 10 സെന്റെങ്കിലും പഴവർഗങ്ങളൊക്കെ ധാരാളമുള്ള വനമായി നിലനിർത്തണമെന്നായിരുന്നു കെ വി ദയാലിന്റെ തത്വം.

ചോ : ഈ ചെറുവനത്തിൽ വിളയുന്ന പഴങ്ങൾ താങ്കൾ ശേഖരിക്കാറുണ്ടോ?

ഉത്തരം: ഇല്ല, പഴങ്ങളെല്ലാം കിളികൾക്കും മറ്റു ജീവികൾക്കുമാണ്. അവരുടേതു കൂടിയാണ് ഈ ഭൂമി. അന്യം നിൽക്കലിന്റെ വക്കിലെത്തി നിൽക്കുന്ന നിരവധി ഫലസസ്യങ്ങൾ ഇവിടെയുണ്ട്. എല്ലാം നട്ടു വളർത്തിയതല്ല, ചിലവ സ്വാഭാവികമായി വളർന്നു വരുന്നു.

അനുകൂല സാഹചര്യമുണ്ടാകുമ്പോൾ കാട് തിരിച്ചു വരുന്നു. ഇതിൽ ഫുക്കുവോക്കയാണ് എന്നെ സ്വാധീനിച്ചിട്ടുള്ളത്. കിളയ്ക്കാതെയും നനയ്ക്കാതെയും വന്യത പൂർണ ആരോഗ്യത്തോടെ തിരിച്ചു വരുന്നു.

ചോ: വനം വളർത്തുന്നതിന്റെ യഥാർത്ഥ ഉദ്ദേശ്യമെന്താണ്?

ഉ: ഇത് വെറും വനമല്ല, ഫലവൃക്ഷങ്ങളും ഔഷധ സസ്യങ്ങളുമാണ് ഇവിടെയുള്ളവയിൽ ഏറെയും. വനം വളർന്നു വന്നതിനു ശേഷം രൂക്ഷമായ വരൾചയ്ക്ക് നേർത്ത ശമനമുണ്ടായി. അന്തരീക്ഷത്തിൽ ആർദ്രതയും തണുപ്പുമുണ്ടായി. അനേകം ജീവജാലങ്ങൾക്ക് അഭയവും ആഹാരവും നൽകാനായി. നൂറ്റിയിരുപത്തി അഞ്ച് ഇനങ്ങളിൽപെട്ട അഞ്ഞൂറിലധികം ഔഷധ സസ്യങ്ങൾ ഇവിടുണ്ട്. അന്യം നിന്നുപോകുന്ന പൂച്ചപ്പഴം, കാരപ്പഴം, തൊണ്ടിപ്പഴം, ചകിരിപ്പഴം, കൊട്ടപ്പഴം, ഓടപ്പഴം, കുർളി, ഞാറ എന്നിവയെല്ലാമുണ്ട്.

Share
അഭിപ്രായം എഴുതാം