മണ്ണ് നീക്കുന്നതിനിടെ മതിൽ ഇടിഞ്ഞു വീണ് ഒരാൾ മരിച്ചു

കൊച്ചി: എറണാകുളം വെങ്ങോല ആനന്ദ് ഓയിൽ കമ്പനിയിൽ ഓയിൽ ടാങ്കിന് സമീപം മണ്ണ് നീക്കുന്നതിനിടെ മതിൽ ഇടിഞ്ഞു വീണ് ഒരാൾ മരിച്ചു. ഇടിഞ്ഞുവീണ മതിലിന്റെ കല്ലുകൾ ദേഹത്തു വീണു തൊഴിലാളിയായ തമിഴ്‌നാട് ഉസലാംപെട്ടി സ്വദേശി രഘുവാണ് മരിച്ചത്.

രഘുവിന്റെ ഒപ്പമുണ്ടായിരുന്ന മറ്റൊരു തൊഴിലാളിയെ പെരുമ്പാവൂർ ഫയർഫോഴ്‌സെത്തി രക്ഷപ്പെടുത്തി, ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു വൈകീട്ട് മൂന്നരയോടെ കൂടിയായിരുന്നു സംഭവം. കമ്പനിയിൽ പഴക്കം ചെന്ന ഓയിൽ ടാങ്ക് മാറ്റി സ്ഥാപിക്കുന്ന ജോലികൾ നടന്നുവരികയാണ്. ഈ ജോലികൾക്കായി തമിഴ്‌നാട്ടിൽ നിന്ന് എത്തിയ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. ടാങ്കിന് സമീപത്തെ മണ്ണ് നീക്കം ചെയ്യുമ്പോൾ തൊട്ടടുത്തുണ്ടായിരുന്ന വലിയ മതിലിടിഞ്ഞ് ഇവരുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. ടാങ്കിനും ഇടിഞ്ഞുവീണ മതിലിനും ഇടയിൽ പെട്ടാണ് രഘു മരിച്ചത്. പെരുമ്പാവൂർ ഫയർ സ്റ്റേഷൻ ഓഫീസർ എൻ.എച്ച് ഹസൈനാരുടെ നേതൃത്വത്തിലെത്തിയ സംഘമാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്.

Share
അഭിപ്രായം എഴുതാം