വിസ്‌മയ വധക്കേസില്‍ കിരണ്‍കുമാര്‍ അപ്പീലുമായി സുപ്രീം കോടതിയില്‍

കൊച്ചി: നിലമേല്‍ സ്വദേശിനി വിസ്‌മയ ആത്മഹത്യചെയ്‌ത കേസില്‍ ജാമ്യം നിഷേധിച്ചതിനെതിരെ ഭര്‍ത്താവ്‌ കിരണ്‍കുമാര്‍ സുപ്രീം കോടതിയില്‍. സ്‌ത്രീധന പീഡനത്തെ തുടര്‍ന്നാണ്‌ കൊല്ലം നിലമേല്‍ സ്വദേശിനി വിസ്‌മയ ഭര്‍തൃഗൃഹത്തില്‍ ആത്മഹത്യചെയ്‌തത്‌. കേസില്‍ ഭര്‍ത്താവ്‌ കിരണ്‍കുമാറിന്‌ ഹൈക്കോടതി ജാമ്യം നിഷേധിച്ച സാഹചര്യത്തിലാണ്‌ സുപ്രീം കോടതിയെ സമീപിച്ചത്‌.

കേസിലെ ഭൂരിപക്ഷം സാക്ഷികളും വിസ്മയയുടെ ബന്ധുക്കളാണെന്നും തന്റെ ഭാഗം കേട്ടില്ലെന്നും കിരണ്‍ കുമാറിന്റെ അപ്പീല്‍ അപേക്ഷയില്‍ ആരോപിക്കുന്നു. വിസ്‌മയയുടെ ബന്ധുക്കളുടെ വാദം മാത്രമാണ് പരിഗണിച്ചതെന്നും, വിസ്‌മയയും താനുമായുളള അടുപ്പം തെളിയിക്കാന്‍ മൊബൈല്‍ ഫോണിലെ ഫോട്ടോകളും വീഡിയോകളും പരിശോധിച്ചെങ്കിലും അവ ബോധപൂര്‍വം അവഗണിച്ചെന്നും തന്നെ പ്രതിയാക്കാനുളള വ്യഗ്രതയില്‍ തന്റെ വാദം തെളിയിക്കാന്‍ അവസരം ലഭിച്ചില്ലെന്നും കിരണ്‍കുമാര്‍ അപ്പീല്‍ അപേക്ഷയില്‍ ആരോപിക്കുന്നു.

102 സാക്ഷിമൊഴികള്‍ കുറ്റപത്രത്തിലുണ്ട്‌. ടിക്‌ ടോക്കില്‍ സജീവമായിരുന്ന താന്‍ അറിയപ്പെടുന്ന ആളായതിനാല്‍ മാധ്യമ വിചാരണക്കിടയായി. അതും പോലീസിനെ സ്വാധിച്ചു. താന്‍ മുമ്പ്‌ ഒരു കേസിലും പ്രതിയായിട്ടില്ല. കോവിഡ്‌ നിയന്ത്രണമുളളതിനാല്‍ വിചാരണ വൈകുകയാണ്‌ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചതിനാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്നും തെളിവ്‌ നശിപ്പിക്കുമെന്നുമുളള വാദം നിലനില്‍ക്കില്ല. നിലവില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനല്ലാത്ത തനിക്ക്‌ സാക്ഷികളെ സ്വാധീനിക്കാന്‍ കഴിയില്ല. അതിനാല്‍ വിചാരണ കഴിയുന്നതുവരെ ജയിലില്‍ കഴിയേണ്ട കാര്യമില്ല.

150 ദിവസമായി ജയിലിലാണെന്നും കിരണ്‍കുമാര്‍ അ്‌പ്പീലില്‍ ചൂണ്ടിക്കാട്ടി. വിസ്‌മയ ടിക്‌ ടോക്ക്‌ ,ഫെയ്‌സ്‌ബുക്ക്‌ ,വാട്‌സാപ്പ്‌ എന്നിവയ്‌ക്ക്‌ അടിമയായിരുന്നു.പരീക്ഷക്ക്‌ പഠിക്കാനായിരുന്നു ഫോണ്‍ വാങ്ങി വച്ചത്‌ തുടങ്ങിയ വാദങ്ങളാണ്‌ കിരണ്‍കുമാര്‍ ഹൈക്കോടതിയില്‍ ഉന്നയിച്ചത്‌. കിരണിനെതിരെ സ്‌ത്രീപീഡനം, ഗാര്‍ഹിക പീഡനം,ആത്മഹത്യാ പ്രേരണ തുടങ്ങി ഒമ്പത്‌ വകുപ്പുകളാണ്‌ ചുമത്തിയത്‌ . 2021 ജൂണ്‍ 21നാണ്‌ വിസ്‌മയ ഭര്‍ത്താവ്‌ കിരണ്‍കുമാറിന്റെ വീട്ടില്‍തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്‌.

Share
അഭിപ്രായം എഴുതാം