കെ.എസ്.ആർ.ടി.സി ബസിടിച്ച് സോഫ്റ്റ് വെയർ എഞ്ചിനീയർക്ക് ദാരുണാന്ത്യം.

മലയിൻകീഴ്: കെ.എസ്.ആർ.ടി.സിബസ് ഇടിച്ച് സോഫ്റ്റ് വെയർ എഞ്ചിനീയർ മരിച്ചു.ടെക്നോപാർക്കിലെ ഐ ഡയനാമിക് കമ്പനിയിൽ ജോലിനോക്കുന്ന ശാന്തുമൂല പുലരിനഗർ ശ്രുതിയിൽ രഞ്ജിത്താണ് (36) മരിച്ചത്. റോഡരികിൽ ബൈക്ക് നിറുത്തി മൊബൈലിൽ സംസാരിക്കവെ പിന്നാലെ വന്നബസ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. 2021 ഡിസംബർ 13 തിങ്കളാഴ്ച രാത്രി 8. 30 തോടെ മലയിൻകീഴ് – പാപ്പനംകോട് റോഡിൽ ചൂഴാറ്റുകോട്ട പമ്പ് ഹൗസിന് സമീപത്താണ് അപകടമുണ്ടായത്.

നൈറ്റ് ഡ്യൂട്ടിക്ക് പോവുകയായിരുന്നു രഞ്ജിത്.അമിതവേ​ഗത്തിലെത്തിയ കെ.എസ്.ആർ.ടി.സി സിറ്റി ബസ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.ബൈക്ക് എതിർദിശയിൽ വീണു. റോഡിലേക്ക് തെറിച്ചുവീണ ര‌ഞ്ജിത് ബസിന്റെ പിൻചക്രങ്ങൾക്കടിയിൽ പെട്ടു. ഡ്രൈവർ ഇറങ്ങി ഓടി മറഞ്ഞു. മലയിൻകീഴ് നിന്ന് പാപ്പനംകോട് ഡിപ്പോയിലേക്ക് പോവുകയായിരുന്ന ബസിൽ യാത്രക്കാർ ഉണ്ടായിരുന്നില്ല.നാട്ടുകാരും പൊലീസും ചേർന്ന് വീലിനും ആക്സിലിനും ഇടയിൽ കുരുങ്ങിയ രഞ്ജിതിനെ ഏറെ പരിശ്രമിച്ചാണ് പുറത്തെടുത്തത്.ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

യശശ്ശരീരനായ പിന്നണി ഗായകൻ ബ്രഹ്മാനന്ദന്റെ അനുജൻ പരേതനായ പരമാനന്ദന്റെ മകനാണ് രഞ്ജിത്. മണക്കാട് വാടകയ്ക്ക് താമസിച്ചിരുന്ന രഞ്ജിത് കുടുംബസമേതം മലയിൻകീഴ് പുലരിനഗറിൽ മൂന്നു വർഷം മുമ്പാണ് സ്ഥലം വാങ്ങി വീട് വച്ച് താമസമാക്കിയത്.

മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്‌റ്റുമോർട്ടത്തിന് ശേഷം ജനാവലിയുടെ സാന്നിദ്ധ്യത്തിൽ മാറനല്ലൂർ വൈദ്യുതി ശ്‌മശാനത്തിൽ സംസ്‌കരിച്ചു.മാതാവ് : വസന്തകുമാരി. ഭാര്യ: എൽ.ശ്രുതി.മക്കൾ : ആർ.എസ്.ആ​ഗ്നേയ് ,ആർ.എസ്ആരിഷ്.സഹോദരി : രജനി പരമാനന്ദൻ

Share
അഭിപ്രായം എഴുതാം