കത്തി കാണിച്ചു ഭീഷണിപ്പെടുത്തി പതിനൊന്ന് ലക്ഷം രൂപതട്ടിയെടുത്ത കേസിൽ പ്രതികൾ അറസ്റ്റിലായി.

പാലക്കാട്: പച്ചക്കറി ഏജന്റിനെ കത്തി കാണിച്ചു ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ മൂന്ന് പേർ പിടിയിൽ. കൊഴിഞ്ഞാമ്പാറ സ്വദേശികളായ സുജിത്, രോഹിത്, അരുൺ എന്നിവരെയാണ് കോട്ടായി പൊലീസ് അറസ്റ്റ് ചെയതത്.

2021 നവംബർ 29 തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. തമിഴ്നാട്ടിൽ നിന്നും പച്ചക്കറി പാലക്കാട്ടെ കടകളിലേക്കെത്തിച്ചു കൊടുത്തതിന്റെ പണം കൈപ്പറ്റാൻ എത്തിയതായിരുന്നു ഏജന്‍റായ അരുണും ഡ്രൈവർ സുജിത്തും. മാത്തൂരിൽ വച്ച് രണ്ട് ബൈക്കുകളിലായി എത്തിയ നാലംഗ സംഘം ഡ്രൈവറുടെ കഴുത്തിൽ കത്തി വച്ച് പണം ആവശ്യപ്പെടുക യായിരുന്നു. പതിനൊന്ന് ലക്ഷം രൂപയാണ് പ്രതികൾ തട്ടിയെടുത്തത്.

പിന്നാലെ കോട്ടായി സിഐ ഷൈനിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ ഡ്രൈവറായ സുജിത്താണ് ഈ പണം തട്ടലിന്റെ സൂത്രധാരനെന്ന് പൊലീസ് കണ്ടത്തി. സുജിത്തും കൂട്ടുകാരും ചേർന്നാണ് പദ്ധതി ആസൂത്രണം ചെയ്തത്.

പ്രതികളിൽ നിന്നും അഞ്ച് ലക്ഷം രൂപ കണ്ടെടുത്തു. കൃത്യത്തിൽ പങ്കെടുത്ത രണ്ട് പേർ പാലക്കാട് ജില്ല വിട്ടെന്നും ഇവർക്കായി തെരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു

Share
അഭിപ്രായം എഴുതാം