ആലപ്പുഴയിൽ ബോംബ് സ്ഫോടനത്തിൽ മരിച്ചയാളുടെ ശരീരം ചിന്നി ചിതറിയ നിലയിൽ

ആലപ്പുഴ: ആലപ്പുഴ ചാത്തനാട് സ്ഫോടക വസ്തു പൊട്ടി തെറിച്ച് ഒരാൾ മരിച്ചു . സ്ഫോടനത്തിൽ ഇയാളുടെ ശരീരം ചിന്നി ചിതറിയ നിലയിലാണുള്ളത്. നിരവധി കേസുകളിൽ പ്രതിയായ അരുൺ കുമാർ എന്ന കണ്ണൻ (32) ആണ് കൊല്ലപ്പെട്ടത്. കണ്ണന്റെ പേരിൽ നിരവധി ക്രിമിനൽ കേസുകളുണ്ടെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ ദിവസം പ്രദേശത്ത് ഗുണ്ടാ സംഘങ്ങൾ തമ്മിൽ ഏറ്റമുട്ടലുണ്ടായിരുന്നു. ഇതിന്റെ തു‍ടർച്ചയായുണ്ടായ സംഘർഷമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം.

എതിർസംഘം ബോംബെറി ഞ്ഞതാണോ കണ്ണന്റെ കയ്യിലുണ്ടായിരുന്ന ബോംബ് തന്നെ പൊട്ടിയതാണോയെന്ന കാര്യത്തിൽ വ്യക്തതയായിട്ടില്ല. രാഹുൽ എന്ന മറ്റൊരു ഗുണ്ടയെ തേടിയാണ് കണ്ണന്റെ സംഘം എത്തിയത്. തേടി വന്ന രാഹുലിനെ കിട്ടാതെ വന്നപ്പോൾ കണ്ണൻ പ്രകോപിതനായി, ഇതേ സംഘത്തിൽപ്പെട്ട മറ്റൊരു യുവാവിനെ ഇയാളും കൂട്ടാളികളും ചേർന്ന് ആക്രമിച്ചു. വെട്ടേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും പൊലീസ് അന്വേഷിച്ചെത്തിയപ്പോഴേക്കും അവിടെ നിന്ന് കടന്നു കളഞ്ഞു.

ഗുണ്ടാ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ നടന്നെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ഗുണ്ടാ സംഘങ്ങളുടെ ചേരി തിരിഞ്ഞുള്ള ഏറ്റുമുട്ടലുകൾ പതിവായതോടെ നാട്ടുകാർ ഭീതിയിലാണ്.

Share
അഭിപ്രായം എഴുതാം