മുംബൈ: ഈ വര്‍ഷമുണ്ടായ മഴയില്‍ ഇതര സംസ്ഥാനങ്ങളിലുണ്ടായ കനത്ത കൃഷി നാശം സംസ്ഥാനത്തെ പച്ചക്കറി വില ഉയര്‍ത്തുന്നു.പച്ചക്കറിക്കും പഴവര്‍ഗങ്ങള്‍ക്കും വലിയ തോതിലാണ് വില കൂടുന്നത്. സവാള, തക്കാളി, ഉരുളക്കിഴങ്ങ്, മത്തന്‍, കുമ്പളം, ചെറുനാരങ്ങ, കായ, മുരിങ്ങക്കോല്‍, ക്യാരറ്റ്, പയര്‍, ബീറ്റ്റൂട്ട്, വെണ്ടക്ക തുടങ്ങി എല്ലാ ഇനങ്ങള്‍ക്കും ഒരാഴ്ചക്കിടെ വില വര്‍ധിച്ചു. ഇതില്‍ സവാളയുടെയും തക്കാളിയുടെയും വില ദിനേന കൂടുകയാണ്. മിക്കയിടങ്ങളിലും സവാള വില കിലോക്ക് 50 രൂപ വരെയായി ഉയര്‍ന്നു. 25 മുതല്‍ 30 വരെയായി തുടരുന്ന വിലയാണ് ഘട്ടംഘട്ടമായി കയറി 50 ലെത്തിയത്.പത്തും 15ഉം രൂപ വിലയുണ്ടായിരുന്ന തക്കാളിക്ക് ഇപ്പോള്‍ 60ന് മേലെയാണ് ചില്ലറ വിപണിയിലെ വില. വരും ദിവസങ്ങളില്‍ വില കൂടാനാണ് സാധ്യത. നൂറ് രൂപ കടന്നേക്കുമെന്നും വ്യാപാരികള്‍ പറയുന്നു. മഹാരാഷ്ട്രയിലെ നാസിക്കിലും പുണെയിലും വില ഉയര്‍ന്നതാണ് സവാള വില കുത്തനെ കൂടിയത്. സവാള ഉത്പാദക സംസ്ഥാനങ്ങളായ മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളില്‍ കനത്ത മഴ പെയ്തതും തിരിച്ചടിയായി. ഇവിടുത്തെ കരുതല്‍ ശേഖരവും മഴയില്‍ നശിച്ചുപോയതായി വ്യാപാരികള്‍ പറയുന്നു. മണ്‍സൂണ്‍ കാലംതെറ്റി പെയ്തതിനാല്‍ വിളവെടുപ്പ് വൈകാനും കാരണമായിട്ടുണ്ട്.തക്കാളി കൂടുതലായും ഉത്പാദിപ്പിക്കുന്ന കര്‍ണാടകയിലെ കാര്‍ഷിക മേഖലയായ ചിക്കബല്ലാപ്പൂര്‍, കോലാര്‍, ബെംഗളൂരു റൂറല്‍ എന്നിവിടങ്ങളിലെല്ലാം ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. മഴ ഈ രീതിയില്‍ തുടര്‍ന്നാല്‍ 60 ശതമാനമെങ്കിലും വിളവ് കുറയുമെന്നാണ് കര്‍ഷകര്‍ വ്യക്തമാക്കുന്നത്. കാരറ്റിന് 60 രൂപയും മുരിങ്ങക്കായ്ക്ക് 80 രൂപയുമായി വില ഉയര്‍ന്നു. ഒരാഴ്ച മുന്പ് വരെ 30 രൂപയില്‍ നിന്ന പയര്‍, ബീന്‍സ്, വെണ്ട ഇനങ്ങള്‍ക്ക് 45 മുതല്‍ 60 രൂപവരെ വര്‍ധിച്ചു.
പച്ചക്കറി വില പൊള്ളുന്നു: സവാള വില സെഞ്ച്വറി അടിച്ചേക്കുമെന്ന് വ്യാപാരികള്‍
