ദക്ഷിണ കന്നഡയില്‍ സ്‌കൂള്‍ തുറക്കുന്നു: മലയാളി വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റലില്‍ നില്‍ക്കണം

കാസര്‍ഗോഡ്: കോവിഡ് പ്രതിസന്ധി നിലനില്‍ക്കെ ദക്ഷിണ കന്നഡ ജില്ലയില്‍ സ്‌കൂളുകള്‍ തുറക്കുന്നു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ജില്ലയിലെ സ്‌കൂളുകള്‍ തുറക്കുമെന്ന് ഡെപ്യൂട്ടി കമ്മിഷണര്‍ ഡോ. കെ.വി രാജേന്ദ്ര അറിയിച്ചു. കേരളത്തില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ ഹോസ്റ്റലില്‍ താമസിക്കണമെന്നാണു നിര്‍ദേശം. അല്ലാത്തപക്ഷം അവര്‍ക്കായി ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

ഈ മാസം 17-ന് 8, 9, 10 ക്ലാസുകളും 20-ന് 6, 7 ക്ലാസുകളും പുനരാരംഭിക്കാന്‍ കമ്മിഷണര്‍ നിര്‍ദേശം നല്‍കി. ദക്ഷിണകന്നഡ ജില്ലയില്‍ 99% സ്‌കൂള്‍ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും വാക്സിന്‍ നല്‍കിയിട്ടുണ്ട്. അതേസമയം, ജില്ലയിലെ 261 വിദ്യാര്‍ഥികള്‍ കോവിഡ് ബാധിച്ച് ചികിത്സയിലാണ്. കുട്ടികളില്‍ കോവിഡ് ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ നല്‍കണമെന്നും പ്രാഥമിക സമ്പര്‍ക്കങ്ങള്‍ തിരിച്ചറിയണമെന്നും ഡെപ്യൂട്ടി കമ്മിഷണര്‍ നിര്‍ദേശിച്ചു.

Share
അഭിപ്രായം എഴുതാം