ആലപ്പുഴ: ടി.ഡി. മെഡിക്കൽ കോളേജ് ആശുപത്രിയിലെ അനാഥമൃതദേഹങ്ങൾ സംസ്‌ക്കരിക്കാൻ നടപടി

ആലപ്പുഴ: വണ്ടാനം ടി.ഡി. മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള അനാഥ മൃതദേഹങ്ങൾ സംസ്‌ക്കരിക്കാൻ അടിയന്തരനടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർ എ. അലക്‌സാണ്ടർ ആശുപത്രി സൂപ്രണ്ടിനും പൊലീസിനും നിർദേശം നൽകി. മെഡിക്കൽ കോളജ് ആശുപത്രിയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചർച്ചചെയ്യാൻ കൂടിയ യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ഭാവിയിൽ അനാഥമൃതദേഹങ്ങൾ സംസ്‌ക്കരിക്കുന്നതിന് ആശുപത്രി അങ്കണത്തിൽതന്നെ ശ്മശാന സംവിധാനമൊരുക്കാൻ സ്ഥലം കണ്ടെത്താനും സൂപ്രണ്ടിന് നിർദേശം നൽകി. കാത്ത് ലാബിന്റെ പ്രവർത്തനം ഈ ആഴ്ച ആരംഭിക്കും. ആശുപത്രി കാന്റീനിന്റെ പ്രവർത്തനം ഒരു മാസത്തിനകം ആരംഭിക്കാൻ നടപടി സ്വീകരിക്കും. ആശുപത്രി വികസന സമിതി പുനസംഘടിപ്പിക്കും. ആശുപത്രി അങ്കണത്തിനുള്ളിൽ എ.ടി.എം. കൗണ്ടർ സ്ഥാപിക്കും.

കൊറോണ വാർഡുകളിലെ ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ നഴ്‌സിങ് സൂപ്രണ്ടിനെ ചുമതലപ്പെടുത്തി. ആശുപത്രി ടെലിഫോൺ എക്‌സ്‌ചേഞ്ചിന്റെയും കോൾ സെന്ററിന്റെയും പ്രവർത്തനം കാര്യക്ഷമമാക്കും. ജില്ലയിലെ വിവിധ ആശുപത്രികളിൽവച്ച് മരിക്കുന്നവരുടെ മൃതദേഹത്തിന്റെ കോവിഡ് പരിശോധന അതത് സ്ഥലത്ത് തന്നെ നടത്തിയശേഷം പോസ്റ്റ്‌മോർട്ടത്തിന് മെഡിക്കൽ കോളജിൽ എത്തിക്കുന്നതിന് താലൂക്ക് ആശുപത്രികൾക്കും പൊലീസിനും നിർദേശം നൽകി. ആശുപത്രിയിലെ ഓക്‌സിജൻ പ്ലാന്റിന്റെ സിവിൽ നിർമാണ ജോലികൾ ഉടൻ ആരംഭിക്കാനും യോഗം തീരുമാനിച്ചു. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. കെ. ശശികല, മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. സജീവ് ജോർജ്ജ് പുളിക്കൽ, വൈസ് പ്രിൻസിപ്പൽ ഡോ. സൈറു ഫിലിപ്പ്, വിവിധ വകുപ്പ് ഉദ്യോഗ്സ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →