തിരുവനന്തപുരം: പത്താംതരംതുല്യതാ പരീക്ഷ 16 മുതൽ

തിരുവനന്തപുരം: കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി നടപ്പാക്കുന്ന പത്താംതരംതുല്യതാ പരീക്ഷകൾ 16 ന് ആരംഭിക്കും. കൊവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവച്ചിരുന്ന പരീക്ഷകളാണ് തിങ്കളാഴ്ച മുതൽ ആരംഭിക്കുന്നത്. സംസ്ഥാനത്താകെ
10,316 പേർ പരീക്ഷയെഴുതും. ഇതിൽ ട്രാൻസ്ജൻഡർ വിഭാഗത്തിലെ 8 പേരും 5247സ്ത്രീകളും 5061 പുരുഷൻമാരും ഉൾപ്പെടും. പരീക്ഷ ഭവനാണ് പരീക്ഷാ നടത്തിപ്പ്  ചുമതല. പരീക്ഷാ നടത്തിപ്പിനായി 199 സെന്ററുകളാണ് പരീക്ഷാ ഭവൻ സജ്ജമാക്കിയിട്ടുള്ളത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഉച്ചയ്ക്ക് 1.40 മുതലാണ് പരീക്ഷ ആരംഭിക്കുക. സെപ്തംബർ 1 ന് പരീക്ഷ സമാപിക്കും. കന്നഡ ഭാഷയിൽ പരീക്ഷയെഴുതുന്ന 176 പഠിതാക്കളും തമിഴ് ഭാഷയിൽ പരീക്ഷയെഴുതുന്ന 26 പഠിതാക്കളുമുണ്ട്. എസ്.സി വിഭാഗത്തിൽ നിന്ന് 1356 പേരും എസ്. ടി വിഭാഗത്തിൽ നിന്ന് 194 പേരും ഭിന്നശേഷിക്കാരായ 46പേരും പരീക്ഷയെഴുതുന്നു. ഏറ്റവും കൂടുതൽ പേർ പരീക്ഷയെഴുന്നത് മലപ്പുറം ജില്ലയിലാണ്. 987 സ്ത്രീകളും 1125 പുരുഷൻമാരുമടക്കം 2112 പേർ മലപ്പുറം ജില്ലയിൽ പരീക്ഷയെഴുതുന്നുണ്ട്.

Share
അഭിപ്രായം എഴുതാം