പേരിനൊപ്പം അച്ഛന്റേത് മാത്രമല്ല അമ്മയുടെ പേര് ചേര്‍ക്കാനും കുട്ടിക്ക് അവകാശമുണ്ട്: ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: കുട്ടിയുടെ പേരിനൊപ്പം അച്ഛന്റെ പേര് മാത്രമല്ല അമ്മയുടെ പേര് ചേര്‍ക്കാനും അവകാശമുണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി.

പ്രായപൂര്‍ത്തിയാവാത്ത മകളുടെ പേരിനൊപ്പം രേഖകളില്‍ കുട്ടിയുടെ അമ്മയുടെ പേര് മാറ്റി തന്റെ പേര് ചോര്‍ക്കണമെന്ന അച്ഛന്റെ ഹരജി പരിഗണിക്കുന്നതിനിടെയാണ് വെള്ളിയാഴ്ച കോടതിയുടെ പരാമര്‍ശമുണ്ടായത്.

അച്ഛന്റെ പേര് മാത്രമേ കുട്ടിയുടെ പേരിനൊപ്പം ചേര്‍ക്കാവൂ എന്നു അച്ഛന് നിര്‍ബന്ധിക്കാനാകില്ലെന്നും അമ്മയുടെ പേര് ചേര്‍ക്കുന്നതില്‍
പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടി സന്തോഷവതിയാണെങ്കില്‍ എന്താണ് പ്രശ്‌നമെന്നും കോടതി ചോദിച്ചു.

എല്ലാ കുട്ടികള്‍ക്കും അവര്‍ ആഗ്രഹിക്കുകയാണെങ്കില്‍ അമ്മയുടെ പേര് ചേര്‍ക്കാനുള്ള അവകാശമുണ്ടെന്നും കോടതി പറഞ്ഞു.

പേര് മാറിയതിനാല്‍ ഇന്‍ഷുറന്‍സ് തുക ലഭിക്കാന്‍ ബുദ്ധിമുട്ടുന്നെന്നറിയിച്ചാണ് കുട്ടിയുടെ അച്ഛന്‍ കോടതിയെ സമീപിച്ചത്. കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ സ്വയം പേരു മാറ്റാന്‍ കഴിയില്ലെന്നും ഹരജിക്കാരന്റെ, അകന്നു കഴിയുന്ന ഭാര്യയാണ് പേരു മാറ്റിയതെന്നും അഭിഭാഷകന്‍ അറിയിച്ചു. എന്നാല്‍ ഇതിനായി സ്‌കൂളിനെ സമീപിക്കാന്‍ കോടതി പറഞ്ഞു.

Share
അഭിപ്രായം എഴുതാം