കര്‍ഷക പ്രതിഷേധത്തില്‍ പങ്കെടുത്ത് പ്രതിപക്ഷ എംപിമാര്‍

ന്യൂഡൽഹി: വിവാദ കാര്‍ഷിക നിയമത്തിനെതിരെ ജന്ദര്‍ മന്ദറില്‍ നടക്കുന്ന കര്‍ഷക പ്രതിഷേധത്തില്‍ പങ്കെടുത്ത് പ്രതിപക്ഷ എംപിമാര്‍. പ്രതിപക്ഷ നിരയിലെ 14 കക്ഷികളുടെ നേതാക്കളാണ് ജന്ദര്‍ മന്ദറിലെ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത്. രാഹുല്‍ ഗാന്ധി, മല്ലികാര്‍ജ്ജുന്‍ കാര്‍ഗെ, ശിവസേനാ എംപി സഞ്ജയ് റൗത്ത് അടക്കം പ്രതിപക്ഷ നിരയിലെ മുതിര്‍ന്ന നേതാക്കളാണ് ജന്ദര്‍ മന്ദറിലെ കര്‍ഷക സമരം നടക്കുന്ന വേദിയിൽ 06/08/21 വെള്ളിയാഴ്ച എത്തിയത്.

ഉച്ചയ്ക്ക് ഒരുമണിയോടെ പാര്‍ലമെന്റില്‍ നിന്ന് ബസ്സില്‍ ജന്ദര്‍ മന്ദറില്‍ പ്രതിപക്ഷ എംപിമാര്‍ എത്തിച്ചേരുകയായിരുന്നു. കര്‍ഷകരുടെ പ്രതിഷേധ വേദിയിലേക്ക് ഇതാദ്യമായാണ് പ്രതിപക്ഷ നേതാക്കള്‍ എത്തുന്നത്.

രാഹുല്‍ ഗാന്ധിയുള്‍പ്പെടെയുള്ള നേതാക്കള്‍ ‘കിസാന്‍ സന്‍സദ്’ എന്ന കര്‍ഷകരുടെ പ്രതിഷേധ പാര്‍ലമെന്റിലും പങ്കെടുക്കുന്നുണ്ട്. വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന കര്‍ഷകരുടെ ആവശ്യത്തെ നേതാക്കള്‍ പൂര്‍ണ്ണമായി പിന്തുണയ്ക്കുന്നുവെന്ന് മല്ലികാര്‍ജുന്‍ കാര്‍ഗെ മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി.

കോണ്‍ഗ്രസിനെ കൂടാതെ ഡിഎംകെ, ടിഎംസി, എന്‍സിപി, ശിവസേന, ആര്‍ജെഡി, എസ്പി, സിപിഐ(എം), സിപിഐ, എഎപി, ഐയുഎംഎല്‍, ആര്‍എസ്പി, എന്‍സിപി, എല്‍ജെഡി എന്നീ കക്ഷികളിലെ നേതാക്കളാണ് ജന്ദര്‍ മന്ദറിലെ പ്രതിഷേധ വേദിയിലെത്തിയത്.

വിവാദ കര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യമുന്നയിച്ച് പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സെഷന്‍ ആരംഭിച്ച ജൂലായ് 22മുതല്‍ കര്‍ഷകര്‍ ജന്ദര്‍ മന്ദറില്‍ പ്രക്ഷോഭം തുടരുകയാണ്.

Share
അഭിപ്രായം എഴുതാം