അനന്യയുടെ സ്വകാര്യ ഭാഗങ്ങളില്‍ ഉണങ്ങാത്ത മുറുവുണ്ടായിരുന്നതായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്‌

കൊച്ചി : ഇടപ്പളളിയിലെ ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ട്രാന്‍സ്‌ ജെന്‍ഡര്‍ അനന്യകുമാരി അലക്‌സിന്റെ പോസറ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌ പോലീസിന്‌ കൈമാറി. ഒരുവര്‍ഷം മുമ്പ്‌ നടന്ന ലിംഗമാറ്റ ശസ്‌ത്ര ക്രിയയുമായി ബന്ധപ്പെട്ട്‌ അനന്യയുടെ സ്വകാര്യ ഭാഗങ്ങളില്‍ ഉണങ്ങാത്ത മുറിവുണ്ടായിരുന്നതായി റിപ്പോര്‍ട്ടിലുണ്ട്‌. എന്നാല്‍ അനന്യയുടേത്‌ ആത്മഹത്യ തന്നെയാണെന്നാണ്‌ പ്രാഥമിക റിപ്പോര്‍ട്ട്‌. എറണാകുളം മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക്ക്‌ വിഭാഗം മേധാവിയുടെ നേതൃത്വത്തില്‍ വിദഗ്‌ധ സംഘമാണ്‌ റിപ്പോര്‍ട്ട്‌ തയ്യാറാക്കിയത്‌.

ചികിത്സാ പിഴവ്‌ സംഭവിച്ചുവെന്ന ആരോപണം ഉയര്‍ന്ന പാശ്ചാത്തലത്തില്‍ ഇക്കാര്യത്തില്‍ വ്യക്തതവരുത്തുന്നതിനായി പോസ്‌റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരുമായി പോലീസ്‌ സംസാരിക്കും. 2021 ജൂലൈ 26 തിങ്കളാഴ്‌ച കളമശേരി മെഡിക്കല്‍ കോളേജിലെത്തി വിശദമായി വിവരങ്ങള്‍ തേടാനാണ്‌ തീരുമാനം . അനന്യയുടെ ലിംഗമാറ്റ ശസ്‌ത്രക്രിയ നടത്തിയ ഡോക്ടറേയും പോലീസ്‌ ചോദ്യം ചെയ്യും. ആശുപത്രിയിലെത്തിയാവും ഡോ.അര്‍ജുനില്‍ നിന്ന്‌ വിവരങ്ങള്‍ ചോദിച്ചറിയുക.

ഇതിനിടയില്‍ അനന്യയുടെ പങ്കാളിയേയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. തിരുവനന്തപുരം സ്വദേശി ആറ്റുവരമ്പത്ത്‌ ജിജുരാജിനെയാണ്‌ വെളളിയാഴ്ച ഉച്ചയോടെ വൈറ്റില തൈക്കൂടത്തെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. ആത്മഹത്യയാണെന്നാണ്‌ പോലീസിന്റെ നിഗമനം.

2021 ജൂലൈ 20 ചൊവ്വാഴ്‌ചയാണ്‌ അനന്യയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്‌. ഇത്‌ ആദ്യം കണ്ടതും ജിജുവായിരുന്നു. അനന്യയുടെ മരണവുമായി ബന്ധപ്പെട്ട്‌ ജിജുവില്‍ നിന്നും പോലീസ്‌ മൊഴിയെടുത്തിരുന്നു. വരും ദിവസങ്ങളില്‍ വിശദമായ മൊഴി രേഖപ്പെടുത്താനിരിക്കെയാണ്‌ ജിജു ജീവനൊടുക്കിയത്‌.

Share
അഭിപ്രായം എഴുതാം