കണ്ണൂർ: സ്ലൈഡ് പരിശീലന പരിപാടിക്ക് തുടക്കം അധ്യാപന രീതി സാങ്കേതിക വിദ്യക്കൊപ്പം മാറണം: മന്ത്രി വി ശിവന്‍കുട്ടി

കണ്ണൂർ: സാങ്കേതിക വിദ്യ അനുദിനം വികസിക്കുന്ന സാഹചര്യത്തില്‍ അധ്യാപന രീതി മാറണമെന്നും മാനുഷിക മുഖം നഷ്ടപ്പെടാത്ത തരത്തില്‍ ഈ മാറ്റം കാലഘട്ടം ആവശ്യപ്പെടുന്നുണ്ടെന്നും പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. കണ്ണൂര്‍ സര്‍വകലാശാലയുടെ വിദ്യാഭ്യാസ പഠനവകുപ്പായ സ്‌കൂള്‍ ഓഫ് പെഡഗോഗിക്കല്‍ സയന്‍സും ജില്ലാ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച സ്ലൈഡ് (സ്‌പെഷ്യല്‍ ലേണിംഗ് ഇന്‍ ഡിജിറ്റല്‍ എജുക്കേഷന്‍) പരിശീലന പരിപാടിയുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സര്‍വകലാശാലകള്‍ വിജ്ഞാന ഉല്‍പാദന കടമ നിര്‍വഹിക്കുന്നതിനൊപ്പം സാമൂഹ്യ മേഖലയിലും നിരന്തര ഇടപെടല്‍ നടത്തണമെന്ന സന്ദേശമാണ് കണ്ണൂര്‍ സര്‍വകലാശാലയും ജില്ലാ പഞ്ചായത്തും സംഘടിപ്പിക്കുന്ന സ്ലൈഡ് പരിശീലന പദ്ധതി മുന്നോട്ട് വെക്കുന്നത്. പഠനത്തിനു വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനൊപ്പം വിദ്യാഭ്യാസ പരിശീലനത്തിന്റെ പുതിയൊരു പാതയാണ് സ്ലൈഡ് മുന്നോട്ട് വയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് പശ്ചാത്തലത്തില്‍  ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ടൂളുകളെ പരിചയപ്പെടുത്തിക്കൊണ്ട് ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ നൂതന സാങ്കേതിക വിദ്യയിലും പുതിയ വിദ്യാഭ്യാസ രീതിയിലും അധ്യാപകരെ പ്രാപ്തരാക്കുകയാണ് പരിശീലനത്തിന്റെ ലക്ഷ്യം. ജില്ലാ പഞ്ചായത്തിനു കീഴിലെ തെരഞ്ഞെടുക്കപ്പെട്ട 150 ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി അധ്യാപകര്‍ക്കാണ് ആദ്യഘട്ടത്തില്‍ പരിശീലനം നല്‍കുന്നത്. തുടര്‍ പ്രക്രിയയായി കൂടുതല്‍ അധ്യാപകരെ പരിശീലിപ്പിക്കും. രണ്ട് ദിവസങ്ങളില്‍ നാലു സെഷനുകളായാണ് പരിശീലനം സംഘടിപ്പിക്കുന്നത്. കേന്ദ്ര സര്‍വകലാശാലയിലെയും വിവിധ കോളേജുകളിലെയും വിദഗ്ധാധ്യാപകരാണ് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്.

ജില്ലാ പഞ്ചായത്ത് മിനിഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷയായി. സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ.ഗോപിനാഥ് രവീന്ദ്രന്‍ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യന്‍, സ്ഥിരം സമിതി  അധ്യക്ഷന്മാരായ  അഡ്വ. കെ കെ രത്‌നകുമാരി,  വി കെ സുരേഷ് ബാബു, ജില്ലാ പഞ്ചായത്തംഗങ്ങളായ സി പി ഷിജു,  തോമസ് വക്കത്താനം, സ്‌കൂള്‍ ഓഫ് പെഡഗോജിക്കല്‍ സയന്‍സ് മേധാവി ഡോ. ആര്‍ കെ ജയപ്രകാശ്, ആര്‍ഡിഡി പി എന്‍ ശിവന്‍, ഡിഡിഇ മനോജ് മണിയൂര്‍, ഡയറ്റ് പ്രിന്‍സിപ്പല്‍ കെ വിനോദ് കുമാര്‍, ഡിപിഒ പി വി പ്രദീപന്‍, എസ്എസ്‌കെ ജില്ലാ കോ- ഓഡിനേറ്റര്‍ ടി പി അശോകന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.  വിവിധ വിദ്യാഭ്യാസ വകുപ്പ് പ്രതിനിധികള്‍ പങ്കെടുത്തു.

Share
അഭിപ്രായം എഴുതാം