അഞ്ചു വയസുകാരി അന്ന. ശ്വാനപ്പടയിലെ ഉശിരുള്ള പെണ്ണ്..

ലോക്ഡൗൺ കാലത്ത് കോവിഡ് ദുരന്തങ്ങളെ പഴിച്ച് എല്ലാവരും വീട്ടിൽ ഇരുന്നപ്പോൾ പോലീസ് പണിചെയ്യുന്ന ഉശിരുള്ള പെണ്ണ് അഞ്ചുവയസ്സുകാരി അന്നക്ക് തിരക്കോട് തിരക്കായിരുന്നു. ശ്വാനപടയിലെ അർജുൻ, ഹെക്ടർ, കെയ്റോ എന്നി മൂന്ന് ആൺ കൂട്ടുകാർ പ്രൊഫഷണൽ ജെലസിയോടെ നോക്കുന്ന പെണ്ണൊരുത്തിയായ അന്നയുടെ അന്വേഷണ മികവിലൂടെ തെളിയിച്ച അഞ്ചു കേസുകളിൽ മൂന്നെണ്ണവും കൊലപാതകം.

എത്ര വിദഗ്ദമായ കൊലപാതകങ്ങളിലും ദൈവം അവശേഷിപ്പിക്കുന്ന നിർണ്ണായക തെളിവുകൾ മണത്തറിയാൻ അന്ന എന്നും അതിവിദഗ്ദയാണ്, അഞ്ചു വയസുകാരി അന്നയെന്ന ജർമ്മൻ ഷെപ്പേഡിനെ തേടി കെനൈൻ ബാലിയൻ കൊല്ലം റൂറൽ പോലീസ് എന്ന വിലാസത്തിൽ ഡിഐജി പി പ്രകാശിന്റെ അനുമോദന കത്ത് എത്തിയതും അത് കൊണ്ട് തന്നെയാണ്.

അർജ്ജുൻ സ്പോടക വസ്തുക്കൾ കണ്ടെത്തുന്നതിലും ഹെക്ടർ ലഹരിവേട്ടയിലും ശ്രദ്ധ ചെലുത്തിയപ്പോൾ അന്നയും കെയ്റോയും മികവ് തെളിയിച്ചത് മോഷണം കൊലപാതകം എന്നി കേസുകളുടെ അന്വേഷണത്തിലാണ്.

ട്രാക്കർ ഡോഗ് എന്ന നിലയിൽ അന്ന നടത്തുന്ന സേവനങ്ങളെക്കുറിച്ച് എത്ര പറഞ്ഞാലും തീരില്ലെന്ന് ഹാൻഡ്ലർമാരായ സിവിൽ പോലീസ് ഓഫീസർമാർ കൊല്ലം കിഴക്കേകല്ലട കൊടുവിള ഷൈനി മന്ദിരത്തിൽ എസ് ഷൈലാൽ, ശാസ്താംകോട്ട മനക്കര സ്വദേശി രതീഷ് എന്നിവർ പറയുന്നു. ശാസ്താംകോട്ട പോലീസ് സ്റ്റേഷൻ പരിധിയിൽ 2019 ൽ നടന്ന ഒരു സംഭവത്തെ കുറിച്ച് ഇവർ ഓർക്കുന്നു.

ഒരാഴ്ചയിലധികം പഴക്കമുള്ള ജീർണ്ണിച്ച ഒരു മൃതദേഹം ആ പ്രദേശത്തെ ഓടയിൽ കണ്ടെത്തിയതിനെ തുടർന്നാണ് അന്ന സ്ഥലത്തെത്തിയത്. മരിച്ചയാളിനെ തിരിച്ചറിയാനാവാതെ പോലീസുകാരും നാട്ടുകാരും എന്തു ചെയ്യണമെന്നറിയാതെ നിന്നപ്പോൾ മൃതദേഹത്തിനരികിൽ കിടന്ന ഒരു കുടയുടെ മണം പിടിച്ച അന്ന നിമിഷ നേരം കൊണ്ട് ചെന്ന് കയറിയത് മരിച്ചയാളുടെ വീട്ടിലേക്കായിരുന്നു – ഓടക്ക് സമീപത്തെ ഉയർന്ന പ്രദേശത്ത് പുല്ലരിയാൻ പോയ ആൾ താഴേക്ക് വീണ് ഓടയിൽ തലയിടിച്ച് മരിക്കുകയായിരുന്ന ആളിന്റെ ശാസ്ത്രീയ പരിശോധനയിലൂടെ അന്നയുടെ കണ്ടെത്തൽ ശരിയായിരുന്നു എന്ന് ബോധ്യമായി. 2021 ലായിരുന്നു അന്നയുടെ സൂപ്പർ പെർഫോമൻസുകളിൽ ഏറെയും നടന്നത്. വ്യക്തമായി പറഞ്ഞാൽ കഴിഞ്ഞ അഞ്ച് മാസത്തിനുള്ളിൽ അന്വേഷണം നടത്തിയ അഞ്ചു കേസുകളിലും അന്ന തുമ്പ് ഉണ്ടാക്കുകയായിരുന്നു.

അന്ന തെളിയിച്ച കേസുകളിലൂടെ …..

ഏരൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ഗോപാലൻ എന്നയാൾ കൊല്ലപ്പെട്ടതിനെ തുടർന്നാണ് കൊലപാതക സ്ഥലത്ത് അന്നയെ എത്തിച്ചത്. അവിടെ കണ്ടെത്തിയ ഒരു ഷർട്ടിന്റെ മണംപിടിച്ച അന്ന കൊലപാതകി പോയവഴി പോലീസിനെ കൃത്യമായി കാണിച്ചുകൊടുക്കുകയും വഴിയിലുപേക്ഷിച്ച ടോർച്ച്, മുറുക്കി കൊല്ലാൻ ഉപയോഗിച്ച തോർത്ത് എന്നിവയൊക്കെ കണ്ടെത്തിയ അന്ന ഒടുവിൽ പോലീസിനെ കൊലപാതകിയുടെ വീട്ടിൽ കൊണ്ടുപോവുകയായിരുന്നു. മദ്യലഹരിയിൽ രണ്ട് പേർ ചേർന്നാണ് കൊല നടത്തിയതെന്ന് പിന്നീട് കണ്ടെത്തി.

പൂയപ്പള്ളി സ്വദേശിനി ശാന്ത എന്ന 65 കാരിയുടെ കൊലപാതകവും ശാന്തയുടെ സഹായിയായി കൂടെയുണ്ടായിരുന്ന ആളുടെ തിരോധാനവും തുടക്കത്തിലെ ചർച്ചയായിരുന്നു. ശാന്തയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയ ഒറ്റ ചെരുപ്പിന്റെ മണംപിടച്ച് കൊണ്ടുള്ള അന്നയുടെ യാത്രക്കിടയിൽ പോകുന്ന വഴിക്ക് അടുത്ത ചെരുപ്പ് പ്രദേശത്തെ കാട്ടിൽ നിന്നും കണ്ടെത്തി. ഒടുവിൽ അന്ന ചെന്നുനിന്നത് കൊലപാതകി സ്ഥിരമായി വിശ്രമിക്കുന്ന കവലയിലെ വിശ്രമ കേന്ദ്രത്തിൽ ആയിരുന്നു. അന്നയുടെ കൃത്യമായ സൂചനകളെ തുടർന്നാണ് പോലീസ് ശാന്തിയുടെ സഹായിയെ അറസ്റ്റ് ചെയ്തത്.

ചടയമംഗലം സ്വദേശി ഷിബു എന്ന ഓട്ടോഡ്രൈവറെ കാണാതായി നാലാം ദിവസം ഷിബുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയും നാലുദിവസം പോലീസിന്റെയും നാട്ടുകാരുടെയും കണ്ണിൽപ്പെടാതെ ഷിബു ഒളിച്ചിരുന്ന കേന്ദ്രം കണ്ടെത്താനായിരുന്നു അന്നയെ കൊണ്ടുവന്നത്. അഞ്ച് കിലോമീറ്ററോളം കാട്ടിലൂടെ സഞ്ചരിച്ച അന്ന ഒടുവിൽ ഷിബുവിന്റെ താവളം കണ്ടെത്തുകയും അവിടെ നിന്നും ഷിബു ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളും മറ്റും പോലീസിന് ലഭിക്കുകയും ചെയ്തു.

മാർച്ച് 21ന് ഹാഷിം എന്നയാളെ പൂയപ്പള്ളി കരീലാഞ്ചിമുഗൾ ആറ്റൂർ കോണത്ത് കാണാതയി. ആ പ്രദേശമാകെ തിരഞ്ഞ നാട്ടുകാർ ഒടുവിൽ ഏപ്രിൽ ഒന്നിന് വൈകീട്ട് പോലീസിൽ പരാതി നൽകി. രണ്ടുദിവസം പോലീസ് തിരഞ്ഞെങ്കിലും വിവരമൊന്നും ലഭിക്കാത്തതിനെ തുടർന്നാണ് അന്നയുടെ സേവനം തേടുന്നത്. സ്ഥലത്തെത്തിയ അന്ന ഹാഷിമിനെ ഒടുവിൽ കണ്ട സ്ഥലത്ത് നിന്ന് ഒന്നര കിലോമീറ്ററോളം ഓടുകയും ഷറഫുദ്ദിൻ എന്നയാളിന്റെ വീടിന് പിന്നിലെ ചാണക കുഴിക്കടുത്തെത്തി നിലയുറപ്പിച്ചു. പിറ്റേ ദിവസം ചാണക കുഴി പരിശോധിച്ച പോലീസിന് ഹാഷിമിന്റെ മൃതദേഹം കിട്ടി.

ശാസ്താംകോട്ടയിൽ പോലീസ് സ്റ്റേഷന് മുന്നിലുള്ള സി സി ടിവി ക്യാമറ നശിപ്പിക്കുകയും തൊട്ടടുത്ത വീടുകളിലെ വാഹനങ്ങൾ നിശിപ്പിക്കുകയും ചെയ്തവരെ കണ്ടെത്തേണ്ടത് പോലീസിന്റെ അഭിമാന പ്രശ്നമായിരുന്നു. ആ സ്ഥലത്ത് ഒടിഞ്ഞുവീണ സിസിടിവിയുടെ ഭാഗത്തിൽ നിന്നും മണം പിടിച്ച അന്ന ഒരു കിലോമീറ്റർ അപ്പുറത്തുള്ള വീട്ടിലേക്ക് ഓടി കയറുകയും അയയിൽ തൂക്കിയിട്ടിരുന്ന പാന്റ്സ് കടിച്ചെടുത്തു. ആ പാന്റ്സിന്റെ പോക്കറ്റിൽ നിന്ന് പോലീസിന് സിസിടിവിയുടെ ഭാഗങ്ങൾ കണ്ടെത്താനായി. ലഹിരി മൂത്ത് അക്രമം നടത്തിയ ആ പ്രദേശത്തെ രണ്ടു ചെറുപ്പക്കാർ പിടിയിലുമായി.

ഹരിയാനയിൽ ഇന്തോ ടിബറ്റൻ ബോർഡർ പോലീസിന്റ നേതൃത്വത്തിൽ പരിശീലനം നേടിയിട്ടുള്ള അഞ്ചു വയസ് പ്രായമുള്ള അന്ന ഇനിയും ഏറെക്കാലം കള്ളൻമാരുടെയും കൊലപാതകികളുടെയും ഉറക്കം കെടുത്തുമെന്നത് തീർച്ചയാണ്. ഈ ജൈത്രയാത്രയിൽ അന്നയുടെ കിരീടത്തിൽ ഇനിയെത്ര പൊൻ തൂവൽ വരാനിരിക്കുന്നു എന്ന് നമ്മുക്ക് കണ്ടറിയാം.

Share
അഭിപ്രായം എഴുതാം