എറണാകുളം: വിദ്യാർത്ഥികൾക്ക് കരുതലായി പാറക്കടവ് ബ്ലോക്കിന്റെ ‘തൂവൽ സ്പർശം’

കാക്കനാട്: കോവിഡ് പശ്ചാത്തലത്തിൽ സ്കൂൾ അന്തരീക്ഷം നഷ്ടപ്പെട്ട വിദ്യാർത്ഥികൾക്ക് പാറക്കടവ് ബ്ലോക്കിന്റെ കരുതൽ. സൗഹൃദകൂട്ടായ്മകൾ ഇല്ലാതെ മാനസിക സംഘർഷം അനുഭവിക്കുന്ന വിദ്യാർത്ഥികൾക്കായി കൗൺസിലിംഗ് പരിപാടിയാണ് ബ്ലോക്കിന്റെ നേതൃത്വത്തിൽ നൽകുന്നത്. വിദ്യാർത്ഥികളെ കൂടാതെ രക്ഷിതാക്കൾക്കും  തൂവൽ സ്പർശത്തിലൂടെ കൗൺസിലിംഗ് നൽകുന്നു.   “ഉത്കണ്ഠയില്ലാത്ത കുട്ടികളും ആശങ്കയൊഴിഞ്ഞ കുടുംബങ്ങളും” പദ്ധതി ഹൈസ്കൂൾ, ഹയർ സെക്കന്ററി തലത്തിലുള്ള കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും വേണ്ടിയുള്ളതാണ്. പ്രത്യേകം തയ്യാറാക്കുന്ന ഓൺലൈൻ പ്ലാറ്റ്ഫോമിൽ, ബ്ലോക്ക് അതിർത്തിയിലെ മുഴുവൻ സ്ക്കൂളുകളുമായി സഹകരിച്ച് പദ്ധതി നടപ്പാക്കുന്നത്. ഗൂഗിൾ മീറ്റ് വഴി അധ്യാപകർക്കും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പരസ്പരം വിവരങ്ങൾ കൈമാറുന്നതിനുള്ള അവസരമാണ് നൽകുന്നത്. ഇവർക്കായി നൽകുന്ന വിഷയങ്ങൾ ചർച്ച ചെയ്യുന്നതിലൂടെ മാനസിക സംഘർഷങ്ങൾ കുറയാൻ സഹായിക്കുന്നു. ബ്ലോക്ക് പ്രദേശത്തെ-വിദ്യാലയങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. 

“വിജയ മഴവില്ല് ” പദ്ധതിയിലൂടെ വിദ്യാർത്ഥികൾക്ക് മാനസികസംഘർഷങ്ങൾ ഉണ്ടാകുന്ന സമയത്ത് വിളിക്കുന്നതിനും അവർക്കാവശ്യമായ ഉപദേശ- നിർദ്ദേശങ്ങൾ യഥാസമയം നൽകുന്നതിനും മുൻതൂക്കം നൽകുന്നു. അംഗീകൃത കൗൺസിലർമാരെ കൂടാതെ ഡോക്ടർമാരും പദ്ധതിയുടെ ഭാഗമാണ്. ബ്ലോക്കിനു കീഴിലെ ആറ് പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. വിദ്യാർത്ഥികളെ കൂടാതെ കോവിഡ് രോഗികൾക്ക് മാനസിക പിന്തുണയും തൂവൽ സ്പർശം വഴി നൽകുന്നു. പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി.പ്രതീഷ് നിർവഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷബീർ അലി അധ്യക്ഷത വഹിച്ചു. കൗൺസലിംഗിനായി വിളിക്കേണ്ട നമ്പറുകൾ: 7558935072, 7034133901

Share
അഭിപ്രായം എഴുതാം