തൃശ്ശൂർ: ചൂണ്ടല്‍കുന്നിലെ ജൈവ വൈവിധ്യ ഉദ്യാനം യാഥാര്‍ത്ഥ്യത്തിലേക്ക്

തൃശ്ശൂർ: ചൂണ്ടല്‍ ഗ്രാമപഞ്ചായത്തിലെ ചൂണ്ടല്‍കുന്നിലെ ജൈവ വൈവിധ്യ ഉദ്യാനത്തിന്റെ നിര്‍മാണം പുനരാരംഭിച്ചു. പഞ്ചായത്തിലെ ഗ്യാസ് ക്രിമിറ്റോറിയത്തിനോട് ചേര്‍ന്ന് കിടക്കുന്ന ഒരു ഏക്കറിലേറെ വരുന്ന സ്ഥലത്താണ് ജൈവ വൈവിധ്യ ഉദ്യാനം സജ്ജമാക്കുന്നത്. ഉദ്യാനത്തിന്റെ ആദ്യ ഘട്ടത്തിന്റെ നിര്‍മാണമാണ് പുനരാരംഭിച്ചത്. ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്തും ചൂണ്ടല്‍ പഞ്ചായത്തുമാണ് പദ്ധതി നടപ്പിലാക്കുന്നത്. 

ലൈബ്രറി, പരിശീലന ഹാള്‍, നക്ഷത്ര നിരീക്ഷണ ടവര്‍, കുട്ടികളുടെ പാര്‍ക്ക്, വിശാലമായ കുളം എന്നിവയടങ്ങുന്നതാണ് ജൈവ വൈവിധ്യ ഉദ്യാനം. നിര്‍മാണ പ്രവര്‍ത്തിയുടെ ആദ്യ ഘട്ടമായി 25 ലക്ഷം ചെലവഴിച്ച് ലൈബ്രറി, പരിശീലന ഹാള്‍, ശൗചാലയ സമുച്ചയം, കുളം എന്നിവയുടെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് പദ്ധതി. 

പരിശീലന ഹാളിന്റെ തറ നിര്‍മാണ പ്രവര്‍ത്തിയാണ് ഇപ്പോള്‍ തുടങ്ങിയിട്ടുള്ളത്. പ്രവര്‍ത്തികള്‍ ആറ് മാസം കൊണ്ട് പൂര്‍ത്തീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. പട്ടികജാതി വികസന ഫണ്ടില്‍ നിന്നും ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പത്ത് ലക്ഷം രൂപയും ചൂണ്ടല്‍ ഗ്രാമപഞ്ചായത്ത് 15 ലക്ഷം രൂപയും ചെലവഴിച്ചാണ് ആദ്യ ഘട്ടം പൂര്‍ത്തീകരിക്കുക. തൃശൂര്‍ കോസ്റ്റ് ഫോര്‍ഡിനാണ് നിര്‍മാണ ചുമതല. 

കോസ്റ്റ് ഫോഡ് സീനിയര്‍ പ്രോജക്ട് ഡയറക്ടര്‍ ടി കെ സ്കന്ദകുമാര്‍, സൈറ്റ് എഞ്ചിനീയര്‍ പ്രണവ് എന്നിവരുടെ നേതൃത്വത്തില്‍ നിര്‍മാണ പുരോഗതി വിലയിരുത്തി. ചൂണ്ടല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖ സുനില്‍, പഞ്ചായത്ത് അംഗം എന്‍.എസ്. ജിഷ്ണു, പഞ്ചായത്ത് പ്ലാന്‍ ഫെസിലിറ്റേറര്‍ വത്സന്‍ പാറന്നൂര്‍ എന്നിവരും കോസ്റ്റ് ഫോര്‍ഡ് ഉദ്ദ്യോഗസ്ഥര്‍ക്കൊപ്പം സ്ഥലം സന്ദര്‍ശിച്ചു. 

ഈ സാമ്പത്തിക വര്‍ഷം ഉദ്യാനത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കുന്ന വിധത്തിലാണ് പഞ്ചായത്തും കോസ്റ്റ് ഫോര്‍ഡും ക്രമീകരണങ്ങള്‍ നടത്തിയത്.

Share
അഭിപ്രായം എഴുതാം