തിരുവനന്തപുരം: വിദ്യാതരംഗിണി വായ്പ: ഇതുവരെ 3.81 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: വിദ്യാതരംഗിണി വായ്പാ പദ്ധതി വഴി സഹകരണ ബാങ്കുകളിലൂടെ ഇതുവരെ 4023 പേർക്ക് മൊബൈൽ ഫോൺ വാങ്ങാനായി 3.81 കോടി രൂപയുടെ വായ്പ അനുവദിച്ചതായി സഹകരണ രജിസ്ട്രാർ അറിയിച്ചു. മൊബൈൽ ഫോൺ ലഭ്യമല്ലാത്ത ഒന്ന് മുതൽ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് അവ വാങ്ങുന്നതിന് സഹകരണ വകുപ്പ്  സഹകരണ സംഘങ്ങൾ/ബാങ്കുകൾ വഴി നൽകുന്ന പലിശ രഹിത വായ്പാ പദ്ധതിയാണിത്. തിരുവനന്തപുരം (85), കൊല്ലം (96), പത്തനംതിട്ട (110), ആലപ്പുഴ (799), കോട്ടയം (417), ഇടുക്കി (81), എറണാകുളം(374), തൃശൂർ (293), പാലക്കാട് (148), മലപ്പുറം (334),  കോഴിക്കോട് (755), വയനാട്(145), കണ്ണൂർ (293), കാസർഗോഡ് (93) എന്നിങ്ങനെയാണ് വായ്പ അനുവദിച്ചത്.

പദ്ധതി കൂടുതൽ ആകർഷകമാക്കാൻ അധിക നിർദ്ദേശം നൽകിയിട്ടുണ്ട്. അർഹമായ എല്ലാ അപേക്ഷകളും സഹകരണ സംഘങ്ങൾ പരിഗണിച്ച് ആഗസ്റ്റിനുള്ളിൽ തന്നെ തീരുമാനമാക്കി വായ്പകൾ ഗുണഭോക്താക്കൾക്ക് ലഭ്യമാക്കണം. സംഘത്തിൽ അംഗമല്ലാത്ത വ്യക്തി സമർപ്പിക്കുന്ന അപേക്ഷയും അംഗത്വ അപേക്ഷയും ഒന്നിച്ച് പരിഗണിക്കണം.  ദൂരപരിധി തടസ്സമാകുന്ന സന്ദർഭങ്ങളിൽ വിദ്യാർത്ഥിക്ക് ഏറ്റവും അടുത്തുള്ള സഹകരണ സംഘത്തിൽനിന്നും വായ്പ എടുക്കാനുള്ള സൗകര്യം ലഭ്യമാക്കാൻ 14 ജില്ലകളിലേയും ജോയിന്റ് രജിസ്ട്രാർമാർക്കും, താലൂക്ക്തല അസിസ്റ്റന്റ് രജിസ്ട്രാർമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. വായ്പ അനുവദിച്ച് അടുത്ത മാസം മുതൽ മാത്രമേ തിരിച്ചടവ് ആരംഭിക്കാവൂ. റിസ്‌ക് ഫണ്ട് വിഹിതം ഈടാക്കുന്നത് ഉൾപ്പെടെയുള്ള ഒരു നടപടിയും ഈ വായ്പയ്ക്ക് ബാധകമല്ല.  

വിദ്യാതരംഗിണി വായ്പാ പദ്ധതിയുമായി ബന്ധപ്പെട്ട് സംശയങ്ങളും പരാതികളും പരിഹരിക്കുന്നതിനായി 14 ജില്ലകളിലേയും ജോയിന്റ് രജിസ്ട്രാർ ഓഫിസിലെ അസിസ്റ്റന്റ് രജിസ്ട്രാർ പ്ലാനിംഗിനെ നോഡൽ ഓഫീസറായി നിയമിച്ചിട്ടുണ്ട്.
നോഡൽ ഓഫീസർമാരുടെ ഫോൺ: തിരുവനന്തപുരം-9496244135, കൊല്ലം- 9447071484, പത്തനംതിട്ട-9446462192, ആലപ്പുഴ-8547967873, കോട്ടയം-8943835082, ഇടുക്കി-9400232504, എറണാകുളം-8547437293, തൃശ്ശൂർ-9497800091, പാലക്കാട്- 9745468960, മലപ്പുറം-9846400076, കോഴിക്കോട്-9446066685, വയനാട്-9447849038, കണ്ണൂർ- 9847605858, കാസർഗോഡ്-9495645354.

Share
അഭിപ്രായം എഴുതാം