കോഴിക്കോട്: ഉപയോഗശൂന്യമായ വാഹനങ്ങൾ നീക്കം ചെയ്യാൻ പ്രത്യേക യജ്ഞം

കോഴിക്കോട്: ജില്ലയിൽ പൊതു ഇടങ്ങളിൽ നിർത്തിയിട്ട ഉപയോഗശൂന്യമായ വാഹനങ്ങൾ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് 15 ദിവസത്തിലൊരിക്കൽ പ്രത്യേക യജ്ഞം നടത്താൻ ജില്ലാ വികസന സമിതി യോഗത്തിൽ തീരുമാനം. ഇത്തരത്തിലുള്ള മുഴുവൻ വാഹനങ്ങളും പൊതുസ്ഥലങ്ങളിൽ നിന്നും നീക്കം ചെയ്യുമെന്ന് ജില്ലാ കലക്ടർ സാംബശിവറാവു  പറഞ്ഞു. പൊതുമരാമത്ത് പ്രവർത്തികളിൽ റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ ടാസ്ക്ഫോഴ്സ് രൂപീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് ജില്ലയിൽ നടന്നുകൊണ്ടിരിക്കുന്ന മുഴുവൻ പ്രവൃത്തികളും കാലതാമസമില്ലാതെ പൂർത്തീകരിക്കാൻ വനംവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

അംബേദ്കർ ഗ്രാമം കോളനി പദ്ധതിയിൽ ഉൾപ്പെട്ട പ്രവർത്തികൾ വേഗത്തിൽ പൂർത്തിയാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ടി.പി.രാമകൃഷ്ണൻ എം. എൽ.എ പറഞ്ഞു. വടകര-മാഹി കനാൽ നിർമാണം വേഗത്തിലാക്കാനും യോഗം നിർദ്ദേശിച്ചു. നിലവിൽ അഞ്ചാമത്തെ റീച്ചിൽ പ്രവൃത്തി നടക്കുകയാണ്. 25 ശതമാനം പ്രവൃത്തിയാണ് പൂർത്തിയായത്. കനാലിൽ നിന്നെടുക്കുന്നതും കാർഷിക ആവശ്യത്തിന് ഉപയോഗിക്കാൻ കഴിയാത്തതുമായ ചളി ശാസ്ത്രീയമായി മറ്റൊരിടത്ത് നിക്ഷേപിക്കാനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. പുഴ ആഴം കൂട്ടൽ, പ്രളയത്തിൽ തകർന്ന റോഡുകളുടെ പുനർനിർമാണം എന്നിവ മഴയ്ക്ക് മുൻപ് പൂർത്തിയാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകി.

 2024നകം ജില്ലയിലെ മുഴുവൻ ആളുകൾക്കും ജലനിധി പദ്ധതി വഴി വെള്ളം നൽകാൻ സാധിക്കുമെന്ന് ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചു. വടകരയിൽ കടലാക്രമണം തടയുന്നതിനായി 52 ലക്ഷം രൂപയുടെ പ്രവൃത്തി പുരോഗതിയിലാണ്. 65 ലക്ഷം രൂപയുടെ മറ്റൊരു പ്രവൃത്തിയുടെ ടെണ്ടർ അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ട്.  ടൗട്ടെ ചുഴലിക്കാറ്റിൽ വടകര ഭാഗത്തുണ്ടായ അതിരൂക്ഷമായ കടലാക്രമണം തടയുന്നതിനുവേണ്ടി ഏഴ് സ്ഥലങ്ങളിൽ അടിയന്തര അറ്റകുറ്റപ്പണികൾ പൂർത്തീകരിച്ചതായി ഇറിഗേഷൻ വിഭാഗം യോഗത്തിൽ അറിയിച്ചു.

ബാലുശ്ശേരി മിനി സിവിൽ സ്റ്റേഷൻ കെട്ടിട നിർമ്മാണത്തിന് ടെണ്ടർ നടപടി പൂർത്തീകരിച്ചതായും ഉടനെ എഗ്രിമെന്റ് വെക്കുമെന്നും പൊതുമരാമത്ത് കെട്ടിട വിഭാഗം അറിയിച്ചു. ഓഗസ്റ്റ് 15നകം നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം നടത്താനാണ് ലക്ഷ്യമിടുന്നത്.

ടേക്ക് എ ബ്രേക്ക് പദ്ധതിയിൽ ആകെ 75 പദ്ധതികളിൽ 65 എണ്ണത്തിന് സാങ്കേതിക അനുമതിയായി. 51 പദ്ധതികൾ കരാറിലേർപ്പെടുകയും ആറെണ്ണം പൂർത്തീകരിക്കുകയും ചെയ്തു. പൂനൂർ പുഴ സംരക്ഷണവുമായി ബന്ധപ്പെട്ട് അംഗീകാരം ലഭിച്ച 22 പ്രവൃത്തികളിൽ ഒൻപത് പ്രവൃത്തികൾ ആരംഭിച്ചു. ബാക്കി 13 പ്രവൃത്തികളുടെ ടെണ്ടർ നടപടികൾ പുരോഗമിച്ചു വരികയാണ്.

 എംഎൽഎമാരായ അഡ്വ.പി.ടി.എ റഹീം, കാനത്തിൽ ജമീല, തോട്ടത്തിൽ രവീന്ദ്രൻ, ലിന്റോ ജോസഫ്, കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ, കെ.കെ രമ,  എഡിഎം സി. മുഹമ്മദ്‌ റഫീഖ്, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി.ശിവാനന്ദൻ ,  ജില്ലാ പോലീസ് മേധാവി എ.വി.ജോർജ്, ജില്ലാ പ്ലാനിങ് ഓഫീസർ ടി.ആർ.മായ, ജനപ്രതിനിധികൾ, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Share
അഭിപ്രായം എഴുതാം