ഡിജിപി വരെ എത്തിയിട്ടില്ല, ഡിവൈഎസ്പി വരെ ആയിട്ടുണ്ട്’; ട്രോളുകളോട് പ്രതികരിച്ച്‌ ചെമ്ബില്‍ അശോകന്‍

സംസ്ഥാനത്തിന്‍റെ പുതിയ ഡിജിപിയായി അനില്‍കാന്ത് സ്ഥാനമേറ്റെടുത്തതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ് ചലചിത്രതാരം ചെമ്ബില്‍ അശോകന്‍. അനില്‍ കാന്തുമായുള്ള രൂപ സാദൃശ്യമാണ് ചെമ്ബില്‍ അശോകനെ സമൂഹമാധ്യമങ്ങളിലും ട്രോള്‍ ഗ്രൂപ്പുകളിലും താരമാക്കുന്നത്. പൊലീസ് വേഷത്തിലുള്ള ചെമ്ബില്‍ അശോകന്‍റെ ചിത്രങ്ങളും ഇതിനോടകം വൈറലായിക്കഴിഞ്ഞു.


മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റയുമായുള്ള രൂപ സാദൃശ്യം ഹാസ്യതാരം പാഷാണം ഷാജിയെ നേരത്തെ വൈറലാക്കിയിരുന്നു. അപ്രതീക്ഷിതമായിരുന്നു ട്രോളുകളെന്നാണ് ചെമ്ബില്‍ അശോകന്‍ പറയുന്നത്. ലോക്ഡൌണ്‍ കാലത്ത് വലിയ തെരക്കുകള്‍ ഇല്ലാതിരുന്നത് രൂപത്തില്‍ ചെറിയ മാറ്റം വരുത്തിയിട്ടുണ്ടെന്നും ചെമ്ബില്‍ അശോകന്‍ പ്രതികരിച്ചു.


പുതിയ പൊലീസ് മേധാവിയെ നേരില്‍ കാണാന്‍ വലിയ ആഗ്രഹമുണ്ടെന്നും എപ്പോഴാണ് സാധിക്കുകയെന്നും അറിയില്ലെന്നും ചെമ്ബില്‍ അശോകന്‍ പറയുന്നു.
സിനിമാ വേഷങ്ങളില്‍ ഇതുവരെ ഡിജിപി ആയിട്ടില്ല, അനാര്‍ക്കലിയെന്ന ചിത്രത്തിലെ ഡിവൈഎസ്പി വേഷമാണ് ഏറ്റവും ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍റേതായി ചെയ്തിട്ടുള്ളതെന്നും ചെമ്ബില്‍ അശോകന്‍ കൂട്ടിച്ചേര്‍ത്തു. ലോക്നാഥ് ബെഹ്റയും പാഷാണം ഷാജിയും ഓണക്കാലത്തെ പരിപാടികളില്‍ ഒന്നിച്ച്‌ എത്തിയപ്പോള്‍ അത് താന്‍ ഏറെ ആസ്വദിച്ചിരുന്നു. എന്നാല്‍ അത്തരമൊരു രൂപസാദൃശ്യത്തിനുള്ള അവസരം തനിക്കുണ്ടാവുമെന്ന് കരുതിയിരുന്നില്ലെന്നും ചെമ്ബില്‍ അശോകന്‍ പറയുന്നു.

Share
അഭിപ്രായം എഴുതാം