കൊടിസുനിയേയും കിര്‍മാണി മനോജിനേയും തള്ളിപ്പറയാന്‍ സി പി എമ്മിന് കഴിയില്ലെന്ന് കെ സുധാകരന്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ സിപിഐഎം ബന്ധം വ്യക്തമാണെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍. കണ്ണൂരില്‍ ഇതൊന്നും പുത്തരിയല്ലെന്നും ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കൊടിസുനിയേയും കിര്‍മാണി മനോജിനേയും പാര്‍ട്ടിക്ക് തള്ളിപറയാന്‍ കഴിയുമോയെന്നും സുധാകരന്‍ ചോദിച്ചു. പാര്‍ട്ടിയും പ്രതികളും പരസ്പര സഹായസഹകരണ സംഘങ്ങളാണെന്നും ഐആര്‍പിസിയുടെ മുന്നിണി പോരാളികളാണ് ഇവരെന്നും സുധാകരന്‍ 30/06/21 ബുധനാഴ്ച വാർത്താ സമ്മേളനത്തിൽ ചൂണ്ടികാട്ടി.

‘അതേയ്, ഞങ്ങള്‍ക്ക് ഇതൊരു പുത്തരിയല്ല. ഇത് കാലങ്ങളായി കണ്ണൂരില്‍ നടന്നുവരുന്നതാണ്. ടിപി ചന്ദ്രശേഖരന്റെ കൊലപാതകത്തിന് ശേഷം കൊടിസുനിയും കിര്‍മാണി മനോജും ഉള്‍പ്പെടെയുള്ളവര്‍ ജയിലില്‍ പോയശേഷം കണ്ണൂര്‍സെന്‍ട്രല്‍ ജയിലിന്റെ അവസ്ഥ പലതവണ നിങ്ങളോട് ഞങ്ങള്‍ പറഞ്ഞതാണ്. മുഖ്യമന്ത്രി ലാഘവത്തോടെ പറയുന്നത് കേട്ടു കുറ്റം ചെയ്തവരെ സംരക്ഷിക്കില്ലായെന്ന്. ഈ പറയുന്ന ആരെയെങ്കിലും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി മുഖ്യമന്ത്രിക്ക് ഇത് പറയാന്‍ സാധിക്കുമോ. വെല്ലുവിളിക്കുന്നു. കൊടിസുനിക്കെതിരെയും കിര്‍മാണി മനോജിനെതിരേയും നടപടിയെടുക്കാന്‍ സിപിഐഎമ്മിന് സാധിക്കുമോ. പാര്‍ട്ടിയും പ്രതികളും പരസ്പര സഹായസഹകരണ സംഘങ്ങളാണ്. ഐആര്‍പിസിയെ നിങ്ങള്‍ അംഗീകരിക്കുന്നില്ലേ. ഐആര്‍പിസിയുടെ മുന്നിണി പോരാളികളാണ് ഇവര്‍. ജീവകാരുണ്യപ്രവര്‍ത്തനത്തിന്റെ മുന്നിലാണ് ഇവര്‍. ‘ സുധാകരന്‍ പറഞ്ഞു.

കൊടി സുനി ഉള്‍പ്പെടുന്നവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയെന്ന് പറയുകയല്ലാതെ അത് ചെയ്തിട്ടില്ലെന്നും കണ്ണൂര്‍ ജയില്‍ സുപ്രണ്ട് തന്നെ കൊടിസുനിയാണെന്നും കെ സുധാകരന്‍ പരിഹസിച്ചു.

Share
അഭിപ്രായം എഴുതാം