ട്വിറ്റര്‍ നിയമിച്ച ഇടക്കാല ഗ്രിവന്‍സ്‌ ഓഫീസര്‍ രാജിവച്ചു

ന്യൂ ഡല്‍ഹി: ഇന്ത്യയിലെ പുതിയ ഐടി നിയമ പ്രകാരം ട്വിറ്റര്‍ രാജ്യത്ത്‌ അടുത്തിടെ നിയമിച്ച ഇടക്കാല റസിഡന്‍ഷ്യല്‍ ഗ്രിവന്‍സ്‌ ഓഫീസര്‍ ധര്‍മ്മേന്ദ്ര ചാതൂര്‍ രാജിവെച്ചു. ഇത്‌ സംബന്ധിച്ച്‌ ട്വിറ്റര്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പുതിയ കേന്ദ്രനിയമങ്ങളുമായി ബന്ധപ്പെട്ട്‌ കേന്ദ്രസര്‍ക്കൂരും ട്വിറ്റരും തമ്മില്‍ പോരിടുന്ന ഘട്ടത്തിലാണ്‌ ഈ രാജിയെന്നത്‌ ശ്രദ്ധേയമാണ്‌ . പുതിയ ഐടി നിയമം പാലിക്കുന്നതില്‍ ട്വിറ്റര്‍ പരാജയപ്പെട്ടെന്ന്‌ ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാര്‍ രംഗത്തുവന്നിരുന്നു.

2021 മെയ്‌ 25 മുതല്‍ രാജ്യത്ത്‌ പ്രാബല്യത്തില്‍വന്ന പുതിയ ഐടി നിയമ പ്രകാരം ഉപഭോക്താക്കളില്‍ നിന്നോ മറ്റോ ലഭിക്കുന്ന പരാതികള്‍ പരിഹരിക്കുന്നതിന്‌ ഒരു സംവിധാനം വേണമെന്ന്‌ സാമൂഹിക മാദ്ധ്യമ പ്ലാറ്റ്‌ഫോമുകളെ നിര്‍ബന്ധിക്കുന്നു. 50 ലക്ഷത്തിലധികം ഉപയോക്ത അടിത്തറയുളള എല്ലാ സുപ്രധാന സാമൂഹിക കമ്പനികളും അത്തരം പരാതികള്‍ കൈകാര്യം ചെയ്യുന്നതിന്‌ ഉദ്യോഗസ്ഥരുടെ പേരും ബന്ധപ്പെടാനുളള വിശദാംശങ്ങളും പങ്കിടുന്നതിന്‌ ഒരു പരാതി പരിഹാര ഉദ്യോഗസ്ഥനെ നിയമിക്കണമെന്നും നിര്‍ദ്ദേശമുണ്ടായിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ്‌ ധര്‍മ്മേന്ദ്ര ചാദൂറിനെ ഇന്ത്യയിലെ ഇടക്കാല റസിഡന്റ് ഗ്രീവന്‍സ്‌ ഓഫീസറായി നിയമിച്ചത്‌. എന്നാല്‍ അദ്ദേഹത്തിന്റെ യുഎസിലെ മേല്‍വിലാസമാണ്‌ ട്വിറ്റര്‍ നല്‍കിയിരുന്നത്‌. തുടര്‍ന്ന് കേന്ദത്തിന്റെ പുതിയ ഐടി ചട്ടം പാലിക്കാന്‍ തയാറാവാതിരുന്നതിനാല്‍ ട്വിറ്ററിന്‌ ഇന്ത്യയിലെ നിയമപരമായ പരിരക്ഷ നഷ്ടമായിരുന്നു. നിയമവിരുദ്ധമായ ഉളളടക്കം ആരെങ്കിലും പോസ്‌റ്റ്‌ ചെയ്‌താല്‍ ട്വിറ്ററിനെതിരെ ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം നടപടിയെടുക്കാമെന്നാണ്‌ നിലവിലെ സ്ഥിതി. ഇതനുസരിച്ച്‌ ഉത്തര്‍പ്രദേശില്‍ ട്വിറ്ററിനെതിരെ ഇതിനോടകം കേസുകളെടുത്തിട്ടുണ്ട്‌.

Share
അഭിപ്രായം എഴുതാം