വിസ്മയയുടെ ദുരൂഹമരണം; കിരണിനെതിരായ കുറ്റപത്രം 90 ദിവസത്തിനകം സമര്‍പ്പിക്കാനൊരുങ്ങി പൊലീസ്

കൊല്ലം: വിസ്മയയുടെ ദുരൂഹമരണത്തില്‍ ഭര്‍ത്താവ് കിരണ്‍ കുമാറിനെതിരെ 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങി പൊലീസ്. കിരണിന് ജാമ്യം ലഭിക്കാനുള്ള സാധ്യത ഇല്ലാതാക്കാനാണ് പൊലീസ് നീക്കം.

കിരണ്‍ റിമാന്‍ഡില്‍ കഴിയുമ്പോള്‍ തന്നെ വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. കിരണിനെ ഇന്ന് പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. പരമാവധി തെളിവുകള്‍ കിരണിനെതിരെ ശേഖരിച്ച് കുറ്റപത്രം സമര്‍പ്പിക്കും. പിന്നീട് കൂടുതല്‍ തെളിവുകള്‍ ലഭിക്കുന്ന മുറക്ക് കുടുംബാംഗങ്ങളെക്കൂടി പ്രതിചേര്‍ത്ത് അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കും.

കീഴടങ്ങുന്നതിന് മുമ്പ് തന്നെ കിരണിന് നിയമസഹായം ലഭിച്ചിട്ടുള്ളതായി പൊലീസ് സംശയിക്കുന്നുണ്ട്. സാങ്കേതികമായി പരിജ്ഞാനമുള്ള കിരണ്‍ വിസ്മയയുടെ ഫോണിലെ ഡിജിറ്റല്‍ തെളിവുകള്‍ പൂര്‍ണ്ണമായും മായ്ച്ച് കളഞ്ഞെന്നും പൊലീസ് സംശയിക്കുന്നുണ്ട്. സന്ദേശങ്ങള്‍ വീണ്ടെടുക്കാന്‍ സൈബര്‍ വിദഗ്ധരുടെ സഹായം തേടിക്കൊണ്ടിരിക്കുകയാണ് പൊലീസ്.

ജാമ്യം ലഭിക്കുന്നതിന് മുമ്പ് കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ സസ്‌പെന്‍ഷന്‍ അവസാനിച്ച് കിരണ്‍ ജോലിയില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ടെന്നും തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും പൊലീസ് കരുതുന്നു. അതുകൊണ്ടാണ് 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാനുള്ള പൊലീസിന്റെ നീക്കം.

21നാണ് വിസ്മയയെ ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നൂറ് പവന്‍ സ്വര്‍ണ്ണവും ഒരു ഏക്കര്‍ 25 സെന്റ് സ്ഥലവും ഇതിന് പുറമേ പത്ത് ലക്ഷം വിലവരുന്ന കാറും വിസ്മയയുടെ വീട്ടുകാര്‍ സ്ത്രീധനമായി നല്‍കിയിരുന്നത്.

എന്നാല്‍ കാറ് ഇഷ്ടപ്പെടാഞ്ഞതോടെയാണ് വിസ്മയയെ ഭര്‍ത്താവ് ക്രൂരമായി പീഡിപ്പിച്ചു തുടങ്ങിയതെന്നാണ് വിസ്മയയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞത്.

Share
അഭിപ്രായം എഴുതാം