കോഴിക്കോട്: ഡിജിറ്റൽ ഗാഡ്ജറ്റ് ചലഞ്ച്; ഇതുവരെ വിതരണം ചെയ്തത് 5283 ഉപകരണങ്ങൾ

കോഴിക്കോട്: ജില്ലയില്‍ ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്കായി ജില്ലഭരണകൂടത്തിന്റെ നേതൃത്വത്തിൽ ഇതുവരെ സമാഹരിച്ച് വിതരണം ചെയ്തത് 5283 ഡിജിറ്റൽ ഉപകരണങ്ങൾ. 4401 സ്മാര്‍ട്ട് ഫോണുകള്‍, 68 ലാപ്‌ടോപ്പ്, 524 ടാബ്, 283 ടി.വി, ഏഴ് ഡെസ്‌ക്‌ടോപ്പ് കംപ്യൂട്ടറുകള്‍ എന്നിവയാണ് സ്കൂളുകൾ വഴി വിതരണം ചെയ്തത്. ജനകീയ പങ്കാളിത്തത്തോടെ അധ്യാപകരുടെ നേതൃത്വത്തിലാണ് ഡിജിറ്റല്‍ ഉപകരണങ്ങള്‍ സമാഹരിച്ചത്. 214 നെറ്റ് കണക്ഷന്‍, 165 കേബിള്‍, ഡി.ടി.എച്ച് കണക്ഷന്‍, അഞ്ച് അനുബന്ധ ഉപകരണങ്ങള്‍ എന്നീ സൗകര്യങ്ങളും ഒരുക്കി. ആദിവാസി ഊരുകള്‍ ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ജില്ലാ ഭരണകൂടത്തിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും ത്രിതലപഞ്ചായത്തുകളുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് ഓണ്‍ലൈന്‍ പഠനത്തിനാവശ്യമായ ഉപകരണങ്ങളില്ലാത്ത കുട്ടികള്‍ക്ക് കൈത്താങ്ങാവാന്‍ ഗാഡ്ജറ്റ് ചലഞ്ച് സംഘടിപ്പിച്ചത്.

Share
അഭിപ്രായം എഴുതാം