പത്തനംതിട്ട: സജീവിന് സംസ്ഥാന പോലീസ് മേധാവിയുടെ ആദരം

പത്തനംതിട്ട: സിബിഐ മൂന്നുമാസം കൂടുമ്പോള്‍ പുറത്തിറക്കുന്ന ബുള്ളറ്റിനില്‍ പഠനാര്‍ഹമായ ലേഖനമെഴുതിയ ജില്ലാ പോലീസ് ഹെഡ് ക്വാര്‍ട്ടര്‍ യൂണിറ്റിലെ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ സജീവ് മണക്കാട്ടുപുഴയ്ക്ക് സംസ്ഥാന പോലീസ് മേധാവിയുടെ ആദരം. 

പതിനാലുകാരിയെ മാനഭംഗപ്പെടുത്തി ഗര്‍ഭിണിയാക്കിയ  പ്രതിയെ ഡിഎന്‍എ പ്രൊഫൈലിങ്ങിലൂടെ 10 വര്‍ഷം കഠിനതടവിന് ശിക്ഷിച്ച കേസിനെ പറ്റിയുള്ള പഠനമാണ് ബുള്ളറ്റിനില്‍ ഉള്‍പ്പെടുത്തപ്പെട്ടത്. തിരുവല്ല പോലീസ് സ്റ്റേഷനില്‍ 2012 രജിസ്റ്റര്‍ ചെയ്ത കേസാണിത്. പത്തനംതിട്ട ജില്ലയില്‍ നിന്നും ഇത്തരത്തിലൊരു പഠനം സിബിഐ ബുള്ളറ്റിനില്‍ അച്ചടിച്ചുവരുന്നത് ആദ്യമായാണ്. 

കേസിനു ആസ്പദമായ സംഭവമുണ്ടായി ഏട്ടുമാസത്തിനു ശേഷമാണു പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ അറിയുന്നതും പോലീസില്‍ പരാതിപ്പെടുന്നതും. തുടര്‍ന്ന് കേസെടുത്ത് അന്വേഷണം നടത്തിയ തിരുവല്ല പോലീസ് പെണ്‍കുട്ടിയുടെയും കുഞ്ഞിന്റെയും അയല്‍വാസിയായ പ്രതിയുടെയും രക്ത സാമ്പിളുകള്‍ ശേഖരിച്ച് തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ അയച്ച് ഡിഎന്‍എ പ്രൊഫൈലിങ് നടത്തിച്ചിരുന്നു. ഡിഎന്‍എ പരിശോധനയില്‍ കുട്ടിയുടെ പിതാവ് പ്രതി തന്നെയാണെന്ന് കണ്ടെത്തി. കേസ് കോടതിയില്‍ വിചാരണ സമയം പെണ്‍കുട്ടി പലതവണ മൊഴിമാറ്റിയിരുന്നു. നാടകീയമായ പല വഴിത്തിരിവുകളിലൂടെ കടന്നുപോയ വിചാരണയ്‌ക്കൊടുവില്‍ കോടതി, ഡല്‍ഹി നിര്‍ഭയ കേസ് വിധി ചൂണ്ടിക്കാട്ടി ഡിഎന്‍എ പരിശോധന മുഖവിലക്കെടുക്കുകയും പ്രതിയെ ശിക്ഷിക്കുകയും ചെയ്തു. 

മാനഭംഗ കേസുകളില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പ്രയോജനകരമാകും വിധം ഡിഎന്‍എ ഫിംഗര്‍ പ്രിന്റിംഗിന്റെ അടിസ്ഥാന തത്വങ്ങളും അവയുടെ പ്രയോഗവല്‍ക്കരണവും പഠനത്തില്‍ സജീവ് ഉള്‍ക്കൊള്ളിച്ചിരുന്നു. ബുള്ളറ്റിന്റെ ഏറ്റവും ഒടുവില്‍ പ്രസിദ്ധീകരിക്കപ്പെട്ട പഠനം പരിഗണിച്ച ജില്ലാ പോലീസ് മേധാവി ആര്‍ നിശാന്തിനി സജീവിന് അര്‍ഹമായ അംഗീകാരത്തിനു വേണ്ടി സംസ്ഥാന പോലീസ് മേധാവിക്ക് ശിപാര്‍ശ അയക്കുകയായിരുന്നു. 

പഠനലേഖനം തയ്യാറാക്കുന്നതില്‍ രചയിതാവ് എടുത്ത ശ്രമം അഭിനന്ദനീയമാണെന്ന് കണ്ടെത്തിയ സംസ്ഥാന പോലീസ് മേധാവി, സല്‍സേവനപ്പത്രവും ആയിരം രൂപ ക്യാഷ് റിവാഡും പ്രഖ്യാപിച്ച് ഉത്തരവാകുകയായിരുന്നു. എഴുത്തുകാരന്‍ കൂടിയായ സജീവ് ജില്ലാ പോലീസ് മീഡിയ സെല്ലിലും പ്രവര്‍ത്തിച്ചുവരികയാണ്. പോലീസില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് പ്രത്യേകം പ്രകീര്‍ത്തിക്കപ്പെടേണ്ടതാണെന്നും ജില്ലയ്ക്കിത് അനുപമ നേട്ടമാണെന്നും ജില്ലാ പോലീസ് മേധാവി അഭിപ്രായപ്പെട്ടു.

Share
അഭിപ്രായം എഴുതാം