വ്യാജ വാക്‌സിനേഷന്‍ ക്യാമ്പില്‍ പെട്ട് മിമി ചക്രബര്‍ത്തിയും: വ്യാജ ഐഎഎസ് ഉദ്യോഗസ്ഥന്‍ പിടിയില്‍

കൊല്‍ക്കത്ത: വാക്‌സിനേഷന്‍ ക്യാമ്പിലേക്ക് മുഖ്യാതിഥിയായി എത്തിയ തൃണമൂല്‍ കോണ്‍ഗ്രസ് എംപിയും നടിയുമായ മിമി ചക്രബര്‍ത്തിയ്ക്കടക്കം 100ലധികം പേർക്ക് ലഭിച്ചത് വ്യാജ വാക്‌സിന്‍. ഐഎഎസ് ഉദ്യോഗസ്ഥനായി ആള്‍മാറാട്ടം നടത്തി കോവിഡ് വാക്‌സിനേഷന് മേല്‍നോട്ടം വഹിച്ച ദേബാഞ്ജന്‍ ദേവ് എന്നയാളെ പോലിസ് പിന്നീട് പിടികൂടി. ദേബാഞ്ജന്‍ ദേവ് സംഘടിപ്പിച്ച വാക്‌സിനേഷന്‍ ക്യാമ്പിലേക്ക് മുഖ്യാതിഥിയായി എത്തിയതായിരുന്നു മിമി ചക്രബര്‍ത്തി.

കോവിഡ് വ്യാപനം തടയാന്‍ വാക്‌സിനെടുക്കാന്‍ ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി താന്‍ ആ ക്യാമ്പില്‍ വെച്ച് വാക്‌സിന്‍ സ്വീകരിക്കുകയായിരുന്നുവെന്ന് മിമി ചക്രബര്‍ത്തി പറഞ്ഞു. ആ ക്യാമ്പില്‍ 250ഓളം പേര്‍ക്ക് വാക്‌സിന്‍ നല്‍കി. വാക്‌സിന്‍ എടുത്ത ശേഷം ഫോണില്‍ സന്ദേശം ലഭിക്കാതിരുന്നപ്പോള്‍ മിമി ചക്രബര്‍ത്തി പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ നേതൃത്വത്തിലാണ് ക്യാമ്പെന്നാണ് ദേബാഞ്ജന്‍ അറിയിച്ചത്. ട്രാന്‍സ്ജെന്‍ഡര്‍മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമായി പ്രത്യേകമായി നടത്തുന്ന ക്യാമ്പാണിതെന്നും പറഞ്ഞെന്ന് മിമി ചക്രബര്‍ത്തി വിശദീകരിച്ചു.

Share
അഭിപ്രായം എഴുതാം