പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ ശിവൻ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ ശിവൻ എന്ന ശിവശങ്കരൻ നായർ (89) അന്തരിച്ചു. 24/06/21 വ്യാഴാഴ്ച പുലർച്ചെ 12.15ന് ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം.

ചെമ്മീൻ സിനിമയുടെ നിശ്ചലചിത്രങ്ങൾ കാമറയിൽ പകർത്തിയാണ് ശിവൻ ചലച്ചിത്ര മേഖലയിൽ അരങ്ങേറ്റം കുറിച്ചത്. സ്വപ്നം എന്ന ചിത്രം നിർമിക്കുകയും അഭയം, യാഗം, കൊച്ചു കൊച്ചു മോഹങ്ങൾ, കിളിവാതിൽ, കേശു, ഒരു യാത്ര എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്തു. മൂന്നു തവണ ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയിട്ടുണ്ട്.

തിരുവിതാംകൂറിലെയും തിരുകൊച്ചിയിലെയും പിന്നീട് ഐക്യകേരളത്തിലെയും ആദ്യ ഗവൺമെന്‍റ് പ്രസ് ഫോട്ടോഗ്രഫറാണ്. 1959ൽ തിരുവനന്തപുരം സ്റ്റാച്യുവിൽ ശിവൻസ് സ്‌റ്റുഡിയോ തുടങ്ങി. പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു മുതൽ നിരവധി നേതാക്കളുടെ രാഷ്‌ട്രീയ ജീവിതം കാമറയിൽ പകർത്തി.

ഹരിപ്പാട് പടീറ്റതിൽ വീട്ടിൽ ഗോപാലപിള്ളയുടെയും വെട്ടുവിളഞ്ഞതിൽ വീട്ടിൽ ഭവാനിയമ്മയുടെയും ആറു മക്കളിൽ രണ്ടാമനാണ് ശിവൻ. ചലച്ചിത്ര സംവിധായകൻ സംഗീത് ശിവൻ, സംവിധായകനും ഛായാഗ്രാഹകനുമായ സന്തോഷ് ശിവന്‍, സഞ്ജീവ് ശിവൻ, സരിത രാജീവ് എന്നിവർ മക്കളാണ്.

Share
അഭിപ്രായം എഴുതാം