കല്‍പാക്കം ആണവനിലയത്തിലെ യുവശാസ്ത്രജ്ഞന്‍ മരിച്ച നിലയില്‍

ചെന്നൈ: കല്‍പാക്കം ആണവനിലയത്തിലെ യുവശാസ്ത്രജ്ഞന്‍ മരിച്ച നിലയില്‍. ആന്ധ്രാപ്രദേശ് ഗോദാവരി സ്വദേശി എസ് സായ്റാമിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പാലാര്‍ നദിക്കരയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇദ്ദേഹത്തെ കാണാതായതായി മൂന്ന് ദിവസം മുന്‍പ് സഹപ്രവര്‍ത്തകര്‍ പോലീസിനെ അറിയിച്ചിരുന്നു. സായ്റാം താമസിക്കുന്ന സ്റ്റാഫ് ക്വാര്‍ട്ടേഴ്സില്‍ നിന്ന് 8 കിലോമീറ്റര്‍ അകലെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. അതേസമയം, സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സായ്റാമിന് രാവിലെ 5 മണിക്ക് സൈക്കിളിങ്ങിന് പോകുന്ന ശീലമുണ്ടായിരുന്നു. എന്നാല്‍ ഞായറാഴ്ച പുലര്‍ച്ചെ സൈക്കിളിങ്ങിന് പോയ ഇദ്ദേഹം തിരിച്ചെത്തിയില്ല എന്നാണ് സഹപ്രവര്‍ത്തകര്‍ പോലീസിനെ അറിയിച്ചത്. മൃതദേഹം കണ്ടെത്തിയ നദിക്കരയുടെ ഒരു കിലോമീറ്റര്‍ അകലെ നിന്ന് സായ്‌റാമിന്റെ സൈക്കിള്‍ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Share
അഭിപ്രായം എഴുതാം