വിസ്മയയുടെ മരണം: ഭര്‍ത്താവ് കിരണ്‍കുമാര്‍ അറസ്റ്റില്‍; ബന്ധുക്കളെ ചോദ്യം ചെയ്യും.

കൊല്ലം: വിസ്മയയുടെ മരണത്തില്‍ ഭര്‍ത്താവ് കിരണ്‍ കുമാറിനെ പൊലിസ് അറസ്റ്റ് ചെയ്തു. ഗാര്‍ഹിക പീഡനം, സ്ത്രീപീഡനമരണം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം കൂടുതല്‍ വകുപ്പുകള്‍ ചുമത്തും. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

വിസ്മയയുടെ വീട്ടുകാര്‍ നല്‍കിയ കാറിനെ ചൊല്ലി പല തവണ തര്‍ക്കിച്ചിരുന്നുവെന്നും ഇതിന്റെ പേരില്‍ പല തവണ വഴക്കുണ്ടായെന്നും കിരണ്‍ പൊലീസിനോട് വെളിപ്പെടുത്തി.

വിസ്മയയെ മുന്‍പ് മര്‍ദിച്ചിട്ടുണ്ടെന്ന് ഭര്‍ത്താവ് കിരണ്‍ പൊലീസില്‍ മൊഴി നല്‍കിയിരുന്നു. മരിക്കുന്നതിന് തലേന്ന് വിസ്മയയെ മര്‍ദിച്ചിട്ടില്ലെന്നും വിസ്മയയുടെ ശരീരത്തില്‍ കണ്ടെത്തിയ മര്‍ദനത്തിന്റെ പാട് മുന്‍പുണ്ടായതെന്നും കിരണ്‍ മൊഴി നല്‍കി.

തിങ്കളാഴ്ച പുലര്‍ച്ചെയാണ് വിസ്മയയെ ശാസ്താംകോട്ട ശാസ്താംനടയിലെ ഭര്‍തൃഗൃഹത്തില്‍ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. മകളെ ഭര്‍ത്താവ് കിരണ്‍കുമാര്‍ കൊലപ്പെടുത്തിയത് തന്നെയാണെന്നാണ് പിതാവിന്റെയും സഹോദരന്റെയും ആരോപണം. 2020 മെയ് 31 നായിരുന്നു വിസ്മയയും കിരണ്‍കുമാറും തമ്മിലുള്ള വിവാഹം.

Share
അഭിപ്രായം എഴുതാം