ബീഹാറില്‍ കൊവിഡ് രണ്ടാം തരംഗത്തില്‍ കാരണമറിയാത്ത മരണങ്ങള്‍ 75000 കടന്നു

പട്‌ന: കൊവിഡ് രണ്ടാം തരംഗത്തിനിടെ കാരണമറിയാതെ ബീഹാറില്‍ മരിച്ചത് 75000ത്തോളം പേരെന്ന് റിപ്പോര്‍ട്ട്. 2021 ജനുവരി മുതലുള്ള ആദ്യ അഞ്ചു മാസത്തിനുള്ളിലാണ് ഇത്രയും പേര്‍ മരണപ്പെട്ടത്. ബീഹാറിലെ ഔദ്യോഗിക മരണനിരക്കിന്റെ പത്തിരട്ടിയാണ് ഈ കണക്ക്.

കേന്ദ്രസര്‍ക്കാര്‍ കൊവിഡ് മരണനിരക്കുകളില്‍ വെള്ളം ചേര്‍ക്കുകയാണെന്ന വിമര്‍ശനമുയരുന്നതിനിടെയാണ് ബീഹാറിലെ സ്ഥിതിയും പുറത്താകുന്നത്.

ബീഹാറിലെ സിവില്‍ രജിസ്‌ട്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ കണക്കുകളിലെ ചില വ്യത്യാസങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരണനിരക്ക് സംബന്ധിച്ച വിവരങ്ങള്‍ പുറത്തായത്.

2019 ജനുവരി-മെയ് കാലയളവില്‍ ബീഹാറില്‍ 1.3 ലക്ഷം മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍, 2021ല്‍ ഇതേ കാലയളവില്‍ സംസ്ഥാനത്ത് 2.2 ലക്ഷം പേരാണ് മരിച്ചത്.

മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 82,500 മരണമാണ് ഇത്തവണ അധികം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ പകുതിയിലേറെയും കഴിഞ്ഞ മാസമാണ് സംഭവിച്ചിരിക്കുന്നതെന്ന് ഒരു പ്രമുഖ ദേശീയ ചാനൽ റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ കഴിഞ്ഞ അഞ്ചു മാസത്തിനിടെ ബീഹാറില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന ഔദ്യോഗിക കൊവിഡ് മരണം 7,717 ആണ്. ഇതിലേക്ക് 3,951 മരണങ്ങള്‍കൂടി ഈ മാസം സംസ്ഥാന സര്‍ക്കാര്‍ ചേര്‍ത്തിരുന്നു.

2021ലെ കൊവിഡ് മരണനിരക്കാണ് ഇതെന്നാണ് അറിയുന്നത്. ഇതുകൂടി ചേര്‍ത്താല്‍ ആകെ മരണത്തില്‍ 74,808 എണ്ണം മുന്‍വര്‍ഷത്തെക്കാള്‍ അധികം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം