വയനാടിന് പുറമെ തൃശ്ശൂരിലും ഇടുക്കിയിലും മരം കൊള്ളയെന്ന് റിപ്പോർട്ട്

തൃശ്ശൂർ: വയനാടിന് പുറമെ തൃശ്ശൂരിലും ഇടുക്കിയിലും മരം കൊള്ള നടന്നിട്ടുണ്ടെന്ന് റിപ്പോർട്ട്. ഇടുക്കി വന്യ ജീവി സങ്കേതത്തില്‍ ഉള്‍പ്പെടെയാണ് മരം മുറിച്ചതായി കണ്ടെത്തിയിട്ടുള്ളത്. ഇടുക്കി തട്ടേക്കാട് നിന്നും മാത്രം എണ്‍പതില്‍ അധികം മരം മുറിച്ച് കടത്തിയിട്ടുണ്ട്. തൃശ്ശൂരില്‍ വടക്കാഞ്ചേരി, മച്ചാട്, പട്ടിക്കാട് റേഞ്ചുകളിലാണ് മരം മുറിച്ചതായി ആക്ഷേപം ഉയര്‍ന്നിട്ടുള്ളത്. മരം മുറിക്ക് കാരണമായ വിവാദ ഉത്തരവ് പിന്‍വലിച്ച ശേഷവും കൊള്ളതുടര്‍ന്നതായി വനംവകുപ്പ് വിലയിരുത്തല്‍.

പട്ടയ ഭൂമിയില്‍ നിന്ന് ചന്ദനം ഒഴികെയുള്ള മരങ്ങള്‍ മുറിക്കാമെന്ന റവന്യൂ വകുപ്പിന്റെ ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്താണ് സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്നും വന്‍തോതില്‍ ഈട്ടി ഉള്‍പ്പെടെയുള്ള മരങ്ങള്‍ മുറിച്ച് കടത്തിയെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം. റവന്യൂ വകുപ്പ് പുറപ്പെടുവിച്ച ഈ ഉത്തരവ് സര്‍ക്കാര്‍ അറവോടെ തന്നെ ആയിരുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഉത്തരവിനെ കുറിച്ച് ഉദ്യോഗസ്ഥര്‍ എതിര്‍പ്പ് അറിയിച്ചിട്ടും ഭരണതലത്തില്‍ നിന്ന് സമ്മര്‍ദം ഉണ്ടായിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയിട്ടും ഉത്തരവ് തിരുത്തിയത് നാലുമാസം കഴിഞ്ഞാണെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

Share
അഭിപ്രായം എഴുതാം