കൊടകര കുഴല്‍പ്പണ കേസില്‍ അന്വേഷണ സംഘം ചോദ്യം ചെയ്ത യുവ മോര്‍ച്ച മുന്‍ ട്രഷറര്‍ സുനില്‍ നായിക് കെ സുന്ദരയുടെ വീട്ടിലെത്തിയതിന്റെ തെളിവുകള്‍ പുറത്ത്

കാസര്‍കോട്: കൊടകര കുഴല്‍പ്പണ കേസില്‍ അന്വേഷണ സംഘം ചോദ്യം ചെയ്ത യുവ മോര്‍ച്ച മുന്‍ ട്രഷറര്‍ സുനില്‍ നായിക്കുള്‍പ്പെടെയുള്ളവര്‍ കെ സുന്ദരയുടെ വീട്ടിലെത്തിയതിന്റെ തെളിവുകള്‍ പുറത്ത്. മാര്‍ച്ച് 21 ന് സുനില്‍ നായിക്ക് സുന്ദരയ്‌ക്കൊപ്പം അദ്ദേഹത്തിന്റെ വീട്ടില്‍ വച്ചെടുത്ത ഫോട്ടോയാണ് 06/06/21 ഞായറാഴ്ച പുറത്തുവന്നിരിക്കുന്നത്. ഇത് സുനില്‍ തന്നെയാണ് മാര്‍ച്ചില്‍ തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. മാര്‍ച്ച് 22നാണ് സുന്ദര പത്രിക പിന്‍വലിച്ചത്.

സുനില്‍ നായിക്, അശോക് ഷെട്ടി, സുനില്‍ നായിക് എന്നിവര്‍ വീട്ടില്‍ എത്തിയതായി കെ സുന്ദര പൊലീസിന് മൊഴി നല്‍കി. പത്രിക പിന്‍വലിക്കാന്‍ തനിക്ക് പണം നല്‍കിയത് ഇവരാണെന്നായിരുന്നു സുന്ദരയുടെ മൊഴി.

മഞ്ചേശ്വരത്തെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും പിന്മാറണം എന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പണം നല്‍കിയെന്ന് വെളിപ്പെടുത്തി സുന്ദര രംഗത്തെത്തുകയും ഇത് ബിജെപി ജില്ലാ നേതൃത്വം തള്ളുകയും ചെയ്തിരുന്നു. താന്‍ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും പിന്മാറുന്നതിനായി രണ്ടര ലക്ഷം രൂപയും ഒരു സ്മാര്‍ട്ട് ഫോണും നല്‍കിയെന്നായിരുന്നു സുന്ദരയുടെ വെളിപ്പെടുത്തല്‍.

സുരേന്ദ്രന്‍ പണം തന്നിട്ടില്ലെന്ന് പറയാന്‍ തന്റെ അമ്മയോട് ബിജെപിക്കാര്‍ ആവശ്യപ്പെട്ടെന്നും തന്നെയും കുടുംബത്തേയും ഭീഷണിപ്പെടുത്തിയെന്നും സുന്ദര ആരോപിച്ചു. താന്‍ പണം വാങ്ങി പത്രിക പിന്‍വലിച്ചത് തെറ്റായിപോയെന്നും സുന്ദര പറഞ്ഞിരുന്നു. ഭീഷണിയെത്തുടര്‍ന്ന് കൂടുതല്‍ കാര്യങ്ങള്‍ പൊലീസിനോട് പറയാന്‍ തീരുമാനിച്ചിട്ടുണ്ടെന്നുമായിരുന്നു സുന്ദരയുടെ പ്രതികരണം. വിഷയത്തില്‍ സുന്ദരയുടെ മൊഴി ഞായറാഴ്ച ബദിയടുക്ക പൊലീസ് രേഖപ്പെടുത്തി.

Share
അഭിപ്രായം എഴുതാം